'ചിദംബരത്തെ അറസ്റ്റ് ചെയ്യുക'; ഹാഷ് ടാഗ് ട്രെന്‍ഡിങ് ആകുന്നു, #ResignModi ക്ക് പകരം

Webdunia
വെള്ളി, 30 ഏപ്രില്‍ 2021 (17:02 IST)
കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററില്‍ ഹാഷ് ടാഗ് ചലഞ്ച്. ബിജെപി, സംഘപരിവാര്‍ ഹാന്‍ഡിലുകളാണ് #ArrestPChidambaram എന്ന ഹാഷ് ടാഗ് വ്യാപകമായി പ്രചരിപ്പിക്കുന്നത്. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ചിദംബരം നടത്തിയ വിമര്‍ശനങ്ങള്‍ രാജ്യതാല്‍പര്യത്തിനു എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹാഷ് ടാഗ് പ്രചാരണം.

രാജ്യത്തെ എല്ലാ ജനങ്ങളെയും മണ്ടന്‍മാരാക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ജനങ്ങള്‍ യുദ്ധം നടത്തണമെന്ന് ഏപ്രില്‍ 28 ന് ചിദംബരം ട്വീറ്റ് ചെയ്തിരുന്നു. ഇതാണ് വിവാദങ്ങള്‍ക്ക് കാരണം. കോവിഡ് പ്രതിരോധത്തില്‍ വീഴ്ച സംഭവിക്കാന്‍ കാരണം ബിജെപി സര്‍ക്കാരും നരേന്ദ്ര മോദിയുമാണെന്ന് ചിദംബരം വിമര്‍ശിച്ചിട്ടുണ്ട്.


നേരത്തെ #ResignModi ഹാഷ് ടാഗ് വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ഇതിനു മറുപടിയെന്നോണമാണ് സംഘപരിവാര്‍ പ്രൊഫൈലുകളും ബിജെപി പ്രവര്‍ത്തകരും ചിദംബരത്തിനെതിരെ ഹാഷ് ടാഗ് ചലഞ്ച് നടത്തുന്നത്. ഇതിനോടകം 20,000 പേരാണ് ഈ ഹാഷ് ടാഗ് പ്രചരിപ്പിച്ചിരിക്കുന്നത്. 

എന്താണ് #ResignModi ഹാഷ് ടാഗ്? 

കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വന്‍ പരാജയമാണെന്ന് സോഷ്യല്‍ മീഡിയയില്‍ ആകെ വിമര്‍ശനം. ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ #ResignModi എന്ന ഹാഷ്ടാഗ് ട്രെന്‍ഡിങ് ആകുന്നു.

മോദിയുടെ രാജി ആവശ്യപ്പെട്ടുള്ള ഈ ഹാഷ്ടാഗ് ഫെയ്‌സ്ബുക്ക് ബ്ലോക്ക് ചെയ്തതായി ആരോപണം. ബുധനാഴ്ച ഏതാനും മണിക്കൂര്‍ നേരത്തേയ്ക്കാണ് #ResignModi ഹാഷ്ടാഗ് ഫെയ്‌സ്ബുക്കില്‍ നിന്നു അപ്രത്യക്ഷമായത്. ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള 12,000 പോസ്റ്റുകള്‍ക്ക് ഫെയ്‌സ്ബുക്ക് സെന്‍സറിങ് ഏര്‍പ്പെടുത്തിയതായും ആരോപണം ഉയര്‍ന്നിരുന്നു.

ഇന്ത്യയിലെ ട്വിറ്റര്‍ ഉപയോക്താക്കളാണ് ഫെയ്‌സ്ബുക്കില്‍ നിന്ന് #ResignModi ഹാഷ് ടാഗ് അപ്രത്യക്ഷമായ കാര്യം പുറത്തുകൊണ്ടുവന്നത്. ഈ ഹാഷ് ടാഗിനുവേണ്ടി ഫെയ്‌സ്ബുക്കില്‍ തെരഞ്ഞാല്‍ ഒരു സെക്കന്‍ഡ് നേരത്തേയ്ക്ക് തെളിയും, പിന്നീട് അത് പോകും. #ResignModi ഹാഷ് ടാഗ് താല്‍ക്കാലികമായി ബ്ലോക്ക് ചെയ്തിരിക്കുകയാണെന്ന് എഴുതി കാണിക്കും. ഈ ഹാഷ് ടാഗോടു കൂടിയുള്ള ചില പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കിന്റെ കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ്‌സിന് എതിരാണെന്നും എഴുതികാണിച്ചിരുന്നു.

അമേരിക്കയില്‍ നിന്നു വരെ വ്യാപകമായി ഈ ഹാഷ് ടാഗ് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, ഹാഷ് ടാഗ് അപ്രത്യക്ഷമായത് താല്‍ക്കാലികമായി മാത്രമാണെന്നും അതൊരു സാങ്കേതിക പിഴവ് മാത്രമാണെന്നുമാണ് ഫെയ്‌സ്ബുക്കിന്റെ വിശദീകരണം. ഈ ഹാഷ് ടാഗ് ബ്ലോക്ക് ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ തങ്ങളോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഫെയ്‌സ്ബുക്ക് വിശദീകരിക്കുന്നു. 
 

 
 

അനുബന്ധ വാര്‍ത്തകള്‍

Next Article