കേരളത്തിലെ അടുത്ത സർക്കാർ ബിജെപിയുടേത്: അമിത് ഷാ

Webdunia
ശനി, 24 സെപ്‌റ്റംബര്‍ 2016 (18:45 IST)
അടുത്ത തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി കേരളത്തിൽ ബിജെപി അധികാരത്തിൽ വരുമെന്ന് പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ.

15 ശതമാനം വോട്ടാണ് കഴിഞ്ഞ തവണ കിട്ടിയത്. അതില്‍ നിന്ന് വളര്‍ന്ന് വിദൂരമല്ലാത്ത ഭാവിയില്‍ കേരളത്തില്‍ പാര്‍ട്ടി അധികാരത്തിലെത്തുമെന്നും കോഴിക്കോട് നടക്കുന്ന ദേശീയ കൗൺസിലിന്റെ ഭാഗമായ പൊതുസമ്മേളനത്തിൽ സംസാരിക്കവെ അമിത് ഷാ പറഞ്ഞു.

കേരളത്തിൽ ഇനിയൊരു സർക്കാർ അധികാരത്തിൽ വരുന്നുണ്ടെങ്കിൽ അത് ബിജെപിയുടേതായിരിക്കും. കേരളത്തിൽ അധികാരം ലഭിച്ചതിന്റെ പേരിൽ സിപിഎം ബിജെപി പ്രവർത്തകർക്കു നേരെ അക്രമം അഴിച്ചു വിടുകയാണ്. ഈ ആക്രമണങ്ങള്‍ കൊണ്ടൊന്നും ബിജെപിയുടെ വളര്‍ച്ചയെ തടയാന്‍ സാധിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിൽ പോലും ബിജെപി പ്രവർത്തകർ ക്രൂരമായി ആക്രമിക്കപ്പെടുന്നു. ബിജെപി പ്രവർത്തകർക്കു നേരെയുള്ള ആക്രമണങ്ങൾ രാജ്യത്തിന് തന്നെ മാനക്കേടാണെന്നും അമിത് ഷാ കോഴിക്കോട് പറഞ്ഞു.
Next Article