ഉറിയിലെ കരസേനാ കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ആക്രമണം ഉണ്ടായാൽ തിരിച്ചടിക്കാൻ പാക് സൈന്യം തയാറെടുക്കുന്നതായി റിപ്പോർട്ട്. പാക് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ജിയോ ടിവിയാണ് പുതിയ വാര്‍ത്തകള്‍ പുറത്തു വിട്ടിരിക്കുന്നത്. ഇന്ത്യയുടെ ഭാഗത്തു നിന്നും ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ തിരിച്ചടിക്കാന്‍ പാക് സൈന്യം തയാറായി കഴിഞ്ഞു. ജാഗ്രതയോടെ നീങ്ങാനാണ് സൈന്യത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇന്ത്യയില്‍ ആക്രമണം നടത്തേണ്ട സ്ഥലങ്ങളുടെ രൂപരേഖയടക്കം പാക് സൈന്യം തയാറാക്കി കഴിഞ്ഞു. ഇന്ത്യയിലെ പ്രധാന നഗരങ്ങളുടെ രൂപരേഖ തയാറായി കഴിഞ്ഞതായി പാക് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ജിയോ ടിവി റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിര്‍ത്തി വഴി ഇന്ത്യ നീക്കം നടത്തിയാല്‍ തിരിച്ചടിക്കാന്‍ സൈന്യം തയാറായിക്കഴിഞ്ഞെന്നാണ് റിപ്പോർട്ട്. പാകിസ്ഥാന്‍ സൈനിക വിമാനങ്ങൾ പരീക്ഷണപ്പറക്കലുകൾ നടത്തിയതായും റിപ്പോർട്ടുണ്ട്.
ദേശീയ പാതയിൽ ഗതാഗതം റദ്ദാക്കി പാക് വ്യോമസേനയുടെ പോർവിമാനങ്ങൾ റോഡിൽ ഇറക്കി പരീക്ഷണ ലാൻഡിംഗ് നടത്തിയെന്നുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ഇസ്ലാമാബാദ്– ലാഹോർ തിരക്കേറിയ ദേശീയ പാതയിലാണ് ഗതാഗതം തടഞ്ഞ് പാക് യുദ്ധ വിമാനം ഇറക്കിയത്. എന്നാല്‍ പരീക്ഷണമാണ് നടന്നതെന്നും മുമ്പും ഇത്തരം പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെന്നും റൺവേയ്ക്ക് എന്തെങ്കിലും തകരാർ സംഭവിച്ചാൽ എന്തുചെയ്യും എന്നാണ് നോക്കിയതെന്നും പാക് വ്യോമസേന വക്‌താവ് ജാവേദ് മുഹമ്മദ് അലി പറഞ്ഞു.
അതിര്‍ത്തിയില്‍ മാത്രമല്ല പാകിസ്ഥാന്‍ ഒരുക്കങ്ങള്‍ നടത്തിയത്. ഇന്ധനം കരുതിവയ്‌ക്കുന്നതിന്റെ ഭാഗമായി പ്രാദേശിക വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു. കൂടാതെ വ്യോമസേന വിമാനങ്ങള്‍ കൂടുതല്‍ പരീക്ഷണ പറക്കല്‍ നടത്തുകയും ചെയ്‌തു. എഫ്–7, മിറാഷ് യുദ്ധ വിമാനങ്ങൾ പെഷാവർ – റാവൽപിണ്ടി ഹൈവേയിലും പരീക്ഷണ ലാൻഡിംഗ് നടത്തി. നേരത്തെ എം1, എം2 ദേശീയപാതകളുടെ ഏതാനും ഭാഗങ്ങൾ അടച്ചതായും പാക്കിസ്ഥാൻ ദേശീയപാതാ വിഭാഗം പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.
മോദി അധികാരത്തിലെത്തിയാല്‍ പാകിസ്ഥാനില്‍ നിന്ന് ഒരു തീവ്രവാദിപോലും ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറില്ലെന്നാണ് അമിത് ഷാ പറഞ്ഞിരുന്നത്. എന്നാല്‍ അതിന് ശേഷവും എത്രയോ തവണ ഭീകരാക്രമണങ്ങള്‍ നടന്നു. പക്ഷേ ഒരു തവണ പോലും ഇന്ത്യ തിരിച്ചടിക്കാന്‍ തയ്യാറായില്ല. തോല്‍ക്കുമെന്ന ഭയമല്ല ഇന്ത്യയെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. മറിച്ച് പാകിസ്ഥാനുമായിട്ടുണ്ടായ നാല് യുദ്ധങ്ങളില്‍ നിരപരാധികളായ അനേകായിരങ്ങള്‍ മരിച്ചു വീണതുകൊണ്ടാണ് അത്.
ഓപ്പറേഷന്‍ ജിബ്രാള്‍ട്ടര്‍ എന്ന് പേരില്‍ നടത്തിയ പാകിസ്ഥാന്‍ നുഴഞ്ഞ് കയറ്റമായിരുന്നു 1965ലെ ഇന്ത്യ - പാക് യുദ്ധത്തിന് കാരണമായത്. ഈ യുദ്ധത്തിന് ശേഷമായിരുന്നു ബംഗ്ലാദേശ് എന്ന രാജ്യം രൂപീകരിച്ചത്. പതിനയ്യായിരത്തിലധികം ചതുരശ്ര കിലോമീറ്റര്‍ പാകിസ്ഥാന്‍ ഭൂമിയാണ് ഇന്ത്യന്‍ പട്ടാളം അന്ന് കീഴടക്കിയത്. എന്നാല്‍ സിംല കരാറിന്റെ പേരില്‍ ആ സ്ഥലമെല്ലാം ഒരു സമ്മാനമായി ഇന്ത്യ പാകിസ്ഥാന് തിരിച്ച് നല്‍കുകയും ചെയ്തു.
1999ലാണ് ഏറ്റവും അവസാനം ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയത്. അന്നും ബിജെപി സര്‍ക്കാരായിരുന്നു ഇന്ത്യ ഭരിച്ചിരുന്നത്. കാര്‍ഗില്‍ യുദ്ധം എന്നറിയപ്പെട്ട ആ യുദ്ധം തുടങ്ങിവച്ചതും പാകിസ്ഥാനായിരുന്നു. യുദ്ധത്തില്‍ ജയം നേടിയതാവട്ടെ ഇന്ത്യയും. പാകിസ്ഥാനെതിരെ നടന്ന യുദ്ധങ്ങളിലെല്ലാം ഇന്ത്യക്കായിരുന്നു ജയം. എന്നിരുന്നാലും ഇനി ഒരു യുദ്ധത്തിന് ഇന്ത്യ നേരിട്ടിറങ്ങാനുള്ള സാധ്യത വളരെ കുറവാണ്. എന്തെന്നാല്‍ ഉറി പ്രശ്‌നത്തിന്റെ പേരില്‍ ഇന്ത്യ യുദ്ധം തുടങ്ങിയാല്‍ അന്താരാഷ്ട്ര സമൂഹം പാകിസ്ഥനൊപ്പം നില്‍ക്കുമെന്നതാണ് അതിനു കാരണം.
നിയന്ത്രണ രേഖ കടന്ന് പാക് അധീന കശ്മീരിലെ കേന്ദ്രങ്ങള്‍ ആക്രമിച്ചാല്‍ പാകിസ്ഥാന്‍ തിരിച്ചടിക്കും. അതോടെ പാക് അധീന കശ്മീരിലും മറ്റും ആക്രമണം പൊട്ടിപ്പുറപെടുകയും സാധാരണക്കാരായ നിരവധി ജനങ്ങള്‍ കൊല്ലപ്പെടുകയും ചെയ്യും. അത്തരമൊരു അവസ്ഥ വന്നാല്‍ ഐക്യരാഷ്ട്രസഭയടക്കം ലോക രാജ്യങ്ങളെല്ലാം ഇന്ത്യക്കെതിരാവുകയും ചെയ്യും. എല്ലാത്തിനും പുറമേ സാമ്പത്തിക കാര്യത്തിലും സമാധാനത്തിന്റെ കാര്യത്തിലും ഏഷ്യല്‍ മേഖല മൊത്തത്തില്‍ പ്രതിസന്ധിയിലാവുകയും ചെയ്യും
പാകിസ്ഥാനുമായി നല്ല സഹകരണത്തിലാണ് ചൈന. അതുകൊണ്ടുതന്നെ പാക് അധീന കശ്മീരില്‍ ഇന്ത്യ ആക്രമണം നടത്തിയാല്‍ ചൈനയുടെ സമീപനം ഏതുതരത്തിലായിരിക്കുമെന്നും വ്യക്തമല്ല. ഇനി ഒരു യുദ്ധമുണ്ടായാല്‍, ഒരു പക്ഷേ പാകിസ്ഥാന്‍ അണ്വായുധം പോലും പ്രയോഗിക്കാന്‍ സാധ്യതയുണ്ട്. രാജ്യത്തെ പ്രധാന പട്ടണങ്ങളായ ഡല്‍ഹി, ബംഗലൂരു, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലായിരിക്കും അത്തരമൊരു പരീക്ഷണം പാകിസ്ഥാന്‍ നടത്തുക. അതോടെ കോടിക്കണക്കിനു നിരപരാധികള്‍ കൊല്ലപ്പെട്ടേക്കം. ഒരു പക്ഷേ മറ്റൊരു ഹിരോഷിമയോ നാഗാസാക്കിയോ ആയി ഇന്ത്യ മാറിയേക്കാം. ഇതേ ഭയം തന്നെയാണ് ഇപ്പോള്‍ പാകിസ്ഥാനും ഉണ്ടായിരിക്കുന്നത്.