പുഷ്പ 2 സിനിമയുടെ പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിരക്കില്‍പ്പെട്ടു യുവതി മരിച്ച സംഭവത്തില്‍ തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുനെ അന്വേഷണസംഘം ചോദ്യം ചെയ്തു. ഇന്ന് രാവിലെ 11 മണിയോടെയാണ് ചോദ്യം ചെയ്യലിനായി ചിക്കഡപ്പള്ളി പൊലീസ് സ്റ്റേഷനില്‍ താരം ഹാജരായത്. കനത്ത സുരക്ഷയാണ് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ഏര്‍പ്പെടുത്തിയിരുന്നത്.
രണ്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ അല്ലു അര്‍ജുന്‍ പൂര്‍ണമായി പ്രതിരോധത്തിലായെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവതി മരിച്ച വിവരം എപ്പോഴാണ് അറിഞ്ഞത് എന്നടക്കമുള്ള അന്വേഷണ സംഘത്തിന്റെ ചോദ്യത്തിനു മുന്നില്‍ അല്ലു അര്‍ജുന്‍ നിശബ്ദനായി നില്‍ക്കുകയായിരുന്നെന്നാണ് ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്.
രണ്ട് മണിക്കൂറിലേറെ താരത്തെ ചോദ്യം ചെയ്തു. അനുമതി നിഷേധിച്ചിട്ടും റോഡ് ഷോയ്ക്കായി എന്തിന് തിയേറ്ററില്‍ പോയി, സ്വകാര്യ സുരക്ഷ സംഘം ജനങ്ങളെ മര്‍ദിച്ചിട്ടും എന്തുകൊണ്ട് ഇടപെട്ടില്ല, എപ്പോഴാണ് യുവതിയുടെ മരണവിവരം അറിഞ്ഞത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ നടത്തിയത് പരസ്പര വിരുദ്ധമായ പ്രസ്താവനകളല്ലേ എന്നിവയായിരുന്നു അന്വേഷണ സംഘത്തിന്റെ പ്രധാന ചോദ്യങ്ങള്‍. ഇതിനൊന്നും അല്ലു അര്‍ജുന്‍ കൃത്യമായി മറുപടി നല്‍കിയില്ലെന്നാണ് വിവരം. അല്ലു അര്‍ജുനെ തിയറ്ററില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ട്.
യുവതി മരിച്ച കേസില്‍ കഴിഞ്ഞ 13 നാണ് അല്ലു അര്‍ജുനെ പൊലീസ് അറസ്റ്റ് ചെയ്തത്. താരത്തെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടെങ്കിലും തെലങ്കാന ഹൈക്കോടതി നാല് ആഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. ഒരു രാത്രി മുഴുവന്‍ താരത്തിനു ജയിലില്‍ കഴിയേണ്ടി വന്നു. അതിനുശേഷമാണ് ഇടക്കാല ജാമ്യത്തില്‍ പുറത്തിറങ്ങിയത്.