കൊറോണ വൈറസ് വ്യാപനത്തിന്റെ തോതനുസരിച്ച് രാജ്യത്തെ മുഴുവൻ ജില്ലകളെയും മൂന്ന് വിഭാഗങ്ങളായി തരംതിരിക്കുമെന്ന് കേന്ദ്രസർക്കാർ.ഹോട്ട് സ്‌പോട്ട് ജില്ലകള്‍, നോണ്‍ ഹോട്ട് സ്‌പോട്ട് ജില്ലകള്‍, ഗ്രീന്‍സോണ്‍ ജില്ലകള്‍ എന്നിങ്ങനെയാവും ജില്ലകളെ വേർതിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.
നിലവിൽ രാജ്യത്ത് 170 ജില്ലകളാണ് ഹോട്ട്സ്പോട്ടുകളായി കണ്ടെത്തിയിട്ടുള്ളത്.നിരവധി കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയോ വൈറസ് ബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുകയോ ചെയ്ത ജില്ലകളാണ് ഹോട്ട്സ്പോട്ട് വിഭാഗത്തിൽ പെടുക.പ്രദേശത്തെ ക്ലസ്റ്ററുകളായി തിരിച്ച് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്നും ഇതിനായി ഹോട്ട്സ്പോട്ട് ജില്ലകളിൽ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വളരെ കുറച്ച് കോവിഡ് 19 കേസുകള്‍ മാത്രം റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ജില്ലകളെയാവും നോണ്‍ ഹോട്ട്‌സ്‌പോട്ട് വിഭാഗത്തില്‍ ഉള്‍പ്പെടുത്തുക.ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത ജില്ലകൾ ഗ്രീൻ സോൺ വിഭാഗത്തിലാവും ഉൾപ്പെടുക