ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം: മതിൽ മാത്രമല്ല, ചേരി ഒഴിയാനും ഉത്തരവ്; തെരുവ്‌നായകളെ പൂട്ടിയിടും

റെയ്‌നാ തോമസ്

ചൊവ്വ, 18 ഫെബ്രുവരി 2020 (09:15 IST)
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗുജറാത്ത് സന്ദർശനത്തിന് മുന്നോടിയായി ചേരി ഒഴിയാൻ ഉത്തരവ്. ചേരി പ്രദേശത്ത് കഴിയുന്ന 45 കുടുംബങ്ങൾക്കാണ് ഒഴിഞ്ഞുപോവാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള അഹമ്മദാബാദ് മുനിസിപ്പാലിറ്റിയുടെ ഉത്തരവ് ലഭിച്ചത്. നേരത്തേ  ട്രംപിന്റെ  സന്ദര്‍ശനവേളയില്‍ അഹമ്മദാബാദിലെ ചേരി കാണാതിരിക്കാന്‍ മതിൽ പണിയുന്ന കാര്യം വാർത്തയായിരുന്നു. ഇതിന് പുറമെയാണ് ഒഴിപ്പിക്കൽ നടപടി. ഈ മാസം 24,25 തീയതികളിലാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം. 
 
ഏതാണ്ട് ഇരുന്നോറോളം പേരാണ് ഇവിടെ താമസിക്കുന്നത്. കെട്ടിട നിർമാണ തൊഴിലാളികളാണ് ഇവർ. ഇരുപത് വർഷത്തോളമായി ഇവർ താമസിക്കുന്ന ഭൂമി കൈയേറ്റം ചെയ്തതാണെന്ന് അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ പറയുന്നു. നഗര വികസനത്തിന്റെ ഭാഗമായാണ് കുടിയൊഴിപ്പിക്കലെന്നാണ് അഹമ്മദാബാദ് കോർപ്പറേഷൻ ദ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞത്. 
 
അഹമ്മദാബാദിൽ പുതുതായി നിർമിച്ച മൊട്ടേര സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിനാണ് അമേരിക്കൻ പ്രസിഡന്റ എത്തുന്നത്. അമേരിക്കയിൽ നടന്ന 'ഹൗഡി മോദി' എന്ന പരിപാടിക്ക് സമാനമായാണ് 'നമസ്തേ ട്രംപ്' എന്ന പരിപാടി നടക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍