കേരള പോലീസിന്റെ ആയുധങ്ങള്‍ കാണാതായ സംഭവം ഹൈക്കോടതി നിശ്ചയിക്കുന്ന പ്രത്യേക ജഡ്ജിന്റെ നേതൃത്വത്തിലുള്ള ജുഡീഷൽ കമ്മീഷൻ അന്വേഷിക്കണമെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വിഷയത്തിൽ ഡി ജി പി ലോക്‌നാഥ് ബെഹ്‌റക്കെതിരെ ഇത്രയും വിമർശനങ്ങൾ ഉയർന്നും മുഖ്യമന്ത്രി പിണറായി വിജയൻ മൗനം തുടരുന്നത് അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രിയും നരേന്ദ്രമോദിയും തമ്മിലുള്ള അന്തര്‍ധാര അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
കേന്ദ്രത്തെ ഭയപ്പെടുകയാണ് മുഖ്യമന്ത്രിയെന്നും നരേന്ദ്രമോദിയുടെ താളത്തിന് തുള്ളുന്ന കുഞ്ഞിരാമൻ മാത്രമായി മുഖ്യമന്ത്രി മാറരുത്. ഡി.ജി.പിയും നരേന്ദ്രമോദിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ കുറിച്ച് മുന്‍പും പറഞ്ഞതാണെന്നും ഇത് ശരി വെക്കുന്ന തരത്തിലുള്ളതാണ് ഇപ്പോൾ പുറത്ത് വരുന്ന സംഭവങ്ങളെന്നും മുല്ലപ്പള്ളി പറഞ്ഞു. ഡിജിപി ലോക്‌നാഥ് ബെഹ്‌റ മുന്‍ എന്‍ ഐ എ ഉദ്യോഗസ്ഥനായത് കൊണ്ട് തന്നെ എൻ ഐ എ ഈ കേസ് അന്വേഷിച്ചത് കൊണ്ട് കാര്യമില്ല. മുൻ ഉദ്യോഗസ്ഥനായതിനാൽ എന്‍.ഐ.എയുടെ അന്വേഷണത്തെ പോലും ബെഹ്‌റയ്‌ക്ക് തടസ്സപ്പെടുത്താൻ ആയേക്കാം അതുകൊണ്ട് തന്നെ അന്വേഷണം ഹൈക്കോടതി നിശ്ചയിക്കുന്ന പ്രത്യേക ജഡ്ജിന്റെ നേതൃത്വത്തിൽ നടത്തണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയാണോ ആഭ്യന്തരമന്ത്രിയെന്ന് വ്യക്തമാവാത്ത അവസ്ഥയാണുള്ളത്. ഒരു കാരണവും ഇല്ലാതെ തന്നെ കോഴിക്കോട്ടെ രണ്ട് വിദ്യാർഥികൾക്കെതിരെ യു എ പി എ ചുമ്മത്തിയവരോട് തോക്ക് കാണാതായ സംഭവത്തിൽ ഉത്തരവാദികളായവരുടെ പേരിലും യു എ പി എ ചുമത്താൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.