ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി ബോളിവുഡ് താരവും വിമർശകനുമായ കമാല്‍ ആര്‍ ഖാന്‍. സസ്‌പെന്‍ഡ് ചെയ്‌ത തന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനസ്ഥാപിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നാണ് കെആര്‍കെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.
ട്വിറ്റര്‍ അധികൃതര്‍ തന്നെ ചതിക്കുകയായിരുന്നുവെന്നാണ് കെആര്‍കെയുടെ ആരോപണം.
“ട്വിറ്റര്‍ ഇന്ത്യയുടെ ഉദ്യോഗസ്ഥരോട് ഞാന്‍ അപേക്ഷിക്കുന്നു. പതിനഞ്ച് ദിവസത്തിനുള്ളില്‍ എന്റെ അക്കൗണ്ട് പുനസ്ഥാപിച്ചില്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യും. എന്റെ മരണത്തിന് ഉത്തരവാദി ട്വിറ്റര്‍ ഇന്ത്യ ആയിരിക്കും. എന്റെ കൈയില്‍ നിന്ന് ലക്ഷക്കണക്കിന് പണം ഈടാക്കിയതിന് ശേഷമാണ് അക്കൗണ്ട് മരവിപ്പിച്ചത് ”- എന്നും കെആര്‍കെ വ്യാക്തമാക്കി.
നിലവിലിപ്പോള്‍ കെആര്‍കെ ബോക്സ് ഓഫീസ് എന്ന ഒരു അക്കൗണ്ട് മാത്രമാണ് കമാൽ ആർ ഖാന് സ്വന്തമായുള്ളത്.
ബോളിവുഡിലെ സൂപ്പര്‍താരമായ ആമീര്‍ ഖാനെതിരെയും അദ്ദേഹത്തിന്റെ പുതിയ ചിത്രം സീക്രട്ട് സൂപ്പര്‍ സ്റ്റാറിനെതിരെയും ട്വിറ്ററിലൂടെ മോശം പരാമര്‍ശങ്ങള്‍ നടത്തിയതിന് പിന്നാലെയാണ് കെആര്‍കെയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്‌തത്. സീക്രട്ട് സൂപ്പര്‍ സ്റ്റാറിന്റെ സസ്പെന്‍സ് കെആര്‍കെ ട്വിറ്ററിലൂടെ പുറത്തുവിട്ടതാണ് ആമിറിനെ ചൊടിപ്പിച്ചത്.
കെആര്‍കെയുടെ നടപടിക്കെതിരെ അമീര്‍ ട്വിറ്ററിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്‌തത്. ആമീര്‍ ഖാനെയും അദ്ദേഹത്തിന്റെ പുതിയ ചിത്രം സീക്രട്ട് സൂപ്പര്‍ സ്റ്റാറിനെയും പരിഹസിക്കുന്നതായിരുന്നു കെആര്‍കെയുടെ ട്വീറ്റുകള്‍. ചിത്രത്തിനെതിരെ മോശമായ പരാമര്‍ശമാണ് അദ്ദേഹം നടത്തിയത്.