വിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ലാൻഡിങ് ഗിയറിന്റെ വാതിലിൽ കുടുങ്ങി ജീവനക്കാരൻ മരിച്ചു. സ്പൈസ് ജെറ്റ് ജീവനക്കാരനായ രോഹിത് വീരേന്ദ്ര പാണ്ഡെ ആണ് മരിച്ചത്. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ ബുധനാഴ്ച പുലർച്ചെ 1.45-നായിരുന്നു സംഭവം.
വിമാനത്തിന്റെ ദൈനംദിന അറ്റകുറ്റപ്പണിക്കിടെയാണ് അപകടമുണ്ടായത്. ഹൈഡ്രോളിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ലാന്‍ഡിങ് ഗിയര്‍ വാതില്‍ അപ്രതീക്ഷിതമായി അടഞ്ഞതാവാം അപകടകാരണമെന്നു കരുതപ്പെടുന്നു. അപകടത്തെ തുടര്‍ന്ന് രോഹിത് തല്‍ക്ഷണം മരിച്ചു.
വിമാനത്താവളത്തിലെ അഗ്നിശമന വിഭാഗം എത്തി വളരെ പണിപ്പെട്ടാണ് മൃതദേഹം പുറത്തെടുത്തത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
എങ്ങനെയാണ് വാതിൽ അപ്രതീക്ഷിതമായി അടഞ്ഞതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തി കൂടുതൽ വിവരം ശേഖരിക്കും. അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർന്നുള്ള അന്വേഷണമെന്ന് പൊലീസ് അറിയിച്ചു.
അപകടത്തിൽ ഖേദം പ്രകടിപ്പിച്ച് സ്പൈസ് ജറ്റ് അധികൃതർ രംഗത്തെത്തി. രോഹിത് വീരേന്ദ്ര പാണ്ഡെയുടെ മരണം തികച്ചും ദൗര്‍ഭാഗ്യകരമാണെന്ന് സ്പൈസ് ജെറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.