ശിവകുമാർ മടങ്ങിയില്ലെങ്കിൽ അറസ്‌റ്റ് ചെയ്യുമെന്ന് പൊലീസ്; ഹോട്ടലിനു മുന്നിൽ നിരോധനാജ്ഞ
ബുധന്‍, 10 ജൂലൈ 2019 (13:31 IST)
കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലിനും പരിസരത്തും മുംബൈ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹോട്ടല്‍ സ്ഥിതി ചെയ്യുന്ന പൊവെയ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ 500 മീറ്റർ പ്രദേശത്താണ് നിരോധനാജ്ഞ.
ജൂലൈ ഒമ്പത് മുതല്‍ 12 വരെയാണ് നിരോധനാജ്ഞ. നാലുപേരില്‍ കൂടുതല്‍ ആളുകള്‍ പ്രദേശത്ത് സംഘം ചേരുന്നത് ഇതുപ്രപകാരം നിരോധിച്ചു. ജനജീവിതത്തിനും സമാധാന അന്തരീക്ഷത്തിനും തടസ്സമുണ്ടാകാതിരിക്കാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് പൊലീസിന്റെ വിശദീകരണം.
അതേസമയം, വിമതരെ കാണാന്‍ ഹോട്ടലില്‍ എത്തിയ കോണ്‍ഗ്രസ് നേതാവ് ശിവകുമാര്‍ മടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനാണ് സിറ്റി പൊലീസിന്‍റെ തീരുമാനം. എംഎൽഎമാരെ കാണാതെ മടങ്ങില്ലെന്നാണ് ശിവകുമാര്‍ വ്യക്തമാക്കുന്നത്.
വിമതരെ അനുനയിപ്പിക്കാനായാണ് ശിവകുമാർ മുംബയിലെത്തിയത്. ശിവകുമാറിനെതിരെ ഹോട്ടലിന് മുന്നിൽ ബിജെപി പ്രവർത്തകർ സംഘടിച്ചിരുന്നു. ഇതിന് പിന്നാലെ മുംബയിലെ കോൺഗ്രസ് പ്രവർത്തകർ ശിവകുമാറിന് പിന്തുണയുമായി രംഗത്ത് വന്നു. ഇതേ തുടർന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ശിവകുമാറും കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയും ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും ഇവരില്‍ നിന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് വിമത എംഎല്‍എമാര്‍ നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ശിവകുമാറിനെ തടഞ്ഞത്.