338 ഇന്ത്യന്‍ തടവുകാരെ പാകിസ്ഥാന്‍ മോചിപ്പിക്കും

Webdunia
ബുധന്‍, 21 ഓഗസ്റ്റ് 2013 (17:15 IST)
PRO
PRO
പാക് ജയിലില്‍ കഴിയുന്ന 338 ഇന്ത്യന്‍ തടവുകാരെ വെള്ളിയാഴ്ച മോചിപ്പിക്കും. മത്സ്യബന്ധനതൊഴിലാളികളും കുട്ടികളുമടങ്ങുന്ന 338 തടവുകാരെ മോചിപ്പിച്ച് വാഗാ അതിര്‍ത്തിയില്‍ എത്തിക്കുമെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

പൂഞ്ചിലെ അതിര്‍ത്തിയില്‍ പാക്സേന നടത്തിയ വെടിവെപ്പില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. ഇന്ത്യയുടെ മുന്നറിയിപ്പ് തഴഞ്ഞുകൊണ്ട് അതിര്‍ത്തിയില്‍ പാക്സേന തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതും പാകിസ്ഥാനുമായി സംഘര്‍ഷം നിലനില്‍ക്കുന്നതിന് കാരണമായി. ഇതിനെ തുടര്‍ന്നാണ് 338 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ പാക് സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇതില്‍ 330 പേര്‍ അതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിനെ തുടര്‍ന്ന് തടവിലായ തൊഴിലാളികളാണ്. മാലിര്‍, കാറാച്ചി എന്നീ ജയിലുള്ളവരെയാണ് മോചിപ്പിക്കുന്നത്. എട്ടുപേര്‍ 18 വയസിനു താഴെയുള്ളവരാണ്. ഇവര്‍ കറാച്ചിയിലെ യൂത്ത്ഫുള്‍ ഒഫെന്‍ഡേഴ്സ് ഇന്‍ഡസ്ട്രിയില്‍ സ്കൂളിലാണ്. ഇവരെ വെള്ളിയാഴ്ച മോചിപ്പിക്കുന്ന വിവരം ഇന്ത്യന്‍ സര്‍ക്കാരിനെ അറിയിച്ചു.