48 മണിക്കൂറിനിടെ കൂട്ട ശിശുമരണം; ആശുപത്രിയില്‍ ഒക്‌സിജന്‍ കിട്ടാതെ 30 കുട്ടികള്‍ മരിച്ചു - സംഭവം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തില്‍

Webdunia
വെള്ളി, 11 ഓഗസ്റ്റ് 2017 (20:04 IST)
ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ആസ്പത്രിയില്‍ ഓക്‌സിജന്‍ വിതരണത്തിലെ പാകപ്പിഴ മൂലം 30 കുട്ടികള്‍ മരിച്ചു. ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് (ബിആർഡി) സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം. 48 മണിക്കൂറിനിടെയാണ് 30 കുട്ടികള്‍ മരിച്ചതെന്ന് ജില്ലാ മജിസ്ട്രേറ്റ് രാജീവ് റത്തേല അറിയിച്ചു.

അത്യാഹിത വിഭാഗത്തില്‍ ഉള്‍പ്പടെ വിവിധ അസുഖങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കുട്ടികളാണ് മരിച്ചത്. ഓക്‌സിജന്‍ തീര്‍ന്നു പോയതാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഖോരഗ്പൂറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കുട്ടികൾക്കാണ് ദാരുണാന്ത്യം. രണ്ടു ദിവസം മുമ്പ് ആദിത്യനാഥ് ഈ ആശുപത്രിയിലെത്തി പ്രവര്‍ത്തനം വിലയിരുത്തി പ്രവര്‍ത്തനത്തില്‍ തൃപ്‌തി രേഖപ്പെടുത്തി മുഖ്യമന്ത്രി മടങ്ങിയതിന് പിന്നാലെയാണ് കൂട്ട ശിശുമരണം ഉണ്ടായിരിക്കുന്നത്.

വലിയ തുക കുടിശ്ശികയുള്ളതുകൊണ്ട് കമ്പനി ഓക്‌സിജന്‍ കൊടുക്കാത്തതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഓക്‌സിജന്‍ സിലിണ്ടര്‍ നല്‍കുന്നതിന് 66 ലക്ഷം രൂപ ആശുപത്രി കുടിശിക വരുത്തിയിരുന്നെന്നും, അതിനാല്‍ വിതരണം നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിത മാകുകയായിരുന്നുവെന്നുമാണ് ഏജന്‍സിയുടെ വിശദീകരണം. ഇന്നലെ രാത്രി മുതലാണ് കമ്പനി ഓക്‌സിജന്‍ വിതരണം നിര്‍ത്തിവെച്ചത്.
Next Article