1993 ലെ മുംബൈ സ്ഫോടന കേസില്‍ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പ്രതികള്‍ 50 വര്‍ഷം അല്ലെങ്കില്‍ 65 വയസ്സ് പൂര്‍ത്തിയാവുന്നത് വരെ ജയിലില്‍ കഴിയണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ഇവര്‍ നേരത്തെയുള്ള മോചനം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഈ തീരുമാനം.
സലിം മിറ ഷെയ്ക്ക്, നിയാസ് ഷെയ്ക്ക്, ഷെയ്ക്ക് അലി, മൊയിന്‍ ഖുറേഷി എന്നിവര്‍ 14 വര്‍ഷത്തെ തടവ് ശിക്ഷ പൂര്‍ത്തിയാക്കിയതിനാല്‍ നല്ലനടപ്പ് പരിഗണിച്ച് മോചനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ കഴിഞ്ഞ ഏപ്രിലില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍, തീരുമാനം സംസ്ഥാന സര്‍ക്കാരിനു വിട്ടുകൊണ്ട് കോടതി ഉത്തരവിടുകയായിരുന്നു.
കുറ്റകൃത്യങ്ങളുടെ തീവ്രത അനുസരിച്ച് 14 വര്‍ഷം ശിക്ഷ പൂര്‍ത്തിയായവര്‍ക്ക് ഇളവ് അനുവദിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനാണ്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ കുറ്റവാളികളുടെ ഹര്‍ജി തള്ളുകയും ഇവര്‍ 50 വര്‍ഷം അല്ലെങ്കില്‍ 65 വയസ്സ് പൂര്‍ത്തിയാവുന്നത് വരെ തടവില്‍ കഴിയണമെന്ന് നിര്‍ദ്ദേശിക്കുകയുമായിരുന്നു.
ആയുധങ്ങള്‍ വിതരണം ചെയ്ത കേസാണ് സലിമിനെതിരെയുള്ളത്. പാകിസ്ഥാനില്‍ ഭീകര പരിശീലനത്തില്‍ പങ്കെടുത്തതിനും ആളുകളെ റിക്രൂട്ട് ചെയ്തതിനുമാണ് നിയാസിന് ശിക്ഷ നല്‍കിയത്. ഇയാള്‍ക്കെതിരെ വാഹനങ്ങളില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചു എന്ന കുറ്റവും ഉണ്ട്. “ഫിഷര്‍മെന്‍” കോളനിയില്‍ ഹാന്‍ഡ് ഗ്രനേഡ് എറിഞ്ഞതാണ് മൊയിനെതിരെയുള്ള കുറ്റം.