‘പുരട്‌ച്ചി തലൈവി’യല്ല ‘അമ്മു’വായിരുന്നു അവര്‍ക്ക് ജയലളിത; 91ല്‍ ജയ എഴുതിയത് രണ്ട് ചരിത്രങ്ങള്‍

Webdunia
ചൊവ്വ, 6 ഡിസം‌ബര്‍ 2016 (15:03 IST)
അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിത കൈവെച്ച മേഖലകളിലെല്ലാം തന്റെ പ്രാഗത്ഭ്യം തെളിയിച്ച ആളായിരുന്നു. പഠനകാലങ്ങളില്‍ മികച്ച വിദ്യാര്‍ത്ഥി, ക്ലാസുകളില്‍ ഒന്നാംസ്ഥാനം, പിന്നീട് സിനിമയിലെത്തിയപ്പോള്‍ അവിടെയും മികച്ച അഭിനേത്രി. രാഷ്‌ട്രീയത്തില്‍ തന്റെ പേര് ചരിത്രത്തിലേക്ക് എഴുതിച്ചേര്‍ത്ത ഭരണാധികാരി. എന്നാല്‍, ജയലളിതയെക്കുറിച്ച് അറിയാന്‍ ചില കാര്യങ്ങള്‍ കൂടിയുണ്ട്;
 
1. തമിഴ് സിനിമയിലും പ്രാദേശിക നാടക കമ്പനികളിലും നടിയായിരുന്നു ജയലളിതയുടെ അമ്മ. അമ്മയുടെ പാത പിന്തുടര്‍ന്ന് ബാല്യകാലനടിയായാണ് ജയലളിത സിനിമയില്‍ എത്തിയത്. കന്നഡ സിനിമയായ ചിന്നഡ ഗോമ്പെയില്‍ നായികയായി 15 ആം വയസ്സില്‍ ജയലളിത നായികയായി.
 
2. ശാസ്ത്രീയസംഗീതം, പാശ്ചാത്യസംഗീതം, ഭരതനാട്യം, മോഹിനിയാട്ടം, കഥക്, മണിപ്പൂരി എന്നിവയെല്ലാം ജയലളിത ചെറുപ്പത്തിലേ അഭ്യസിച്ചിരുന്നു.
 
3. വിപ്ലവനായിക അഥവാ പുരട്‌ച്ചി തലൈവി എന്നറിയപ്പെടുന്ന ജയലളിത അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അമ്മുവായിരുന്നു.
 
4. 1968ല്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ധര്‍മ്മേന്ദ്രയുടെ നായികയായി ഹിന്ദി സിനിമയില്‍ അരങ്ങേറ്റം. ഇസത് എന്നായിരുന്നു സിനിമയുടെ പേര്.
 
5. 1965 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തിലാണ് ജയലളിത തന്റെ ചലച്ചിത്രജീവിതത്തിന്റെ ഉന്നയിയില്‍ എത്തിയത്. ഈ കാലഘട്ടത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടിയായിരുന്നു അവര്‍. അഭിനയിച്ച 140 സിനിമകളില്‍ 120 സിനിമകളും ബ്ലോക്‌ബസ്റ്ററുകള്‍ ആയിരുന്നു.
 
6. എ ഐ എ ഡി എം കെയെ പ്രതിനിധീകരിച്ച് രാജ്യസഭ എം പി ആയിട്ടുണ്ട് ജയലളിത. 1984 മുതല്‍ 1989 വരെയുള്ള കാലയളവില്‍ ആയിരുന്നു അത്.
 
7. 1987l എം ജി ആര്‍ മരിക്കുമ്പോള്‍ രാഷ്‌ട്രീയത്തില്‍ ജയലളിത ഒന്നുമല്ലായിരുന്നു. എം ജി ആറിന്റെ വിധവ ആയിരുന്ന ജാനകി രാമചന്ദ്രനോട് പോരടിച്ചായിരുന്നു ജയലളിത പാര്‍ട്ടിയില്‍ ഇടം കണ്ടെത്തിയത്. പാര്‍ട്ടി രണ്ടായി പിളരുകയും രണ്ട് വനിതകളും ഓരോ പാര്‍ട്ടിയുടെയും നേതൃത്വത്തിലുമെത്തി.
 
8. 1989ല്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജയലളിത പ്രതിപക്ഷനേതാവാകുന്ന ആദ്യ സ്ത്രീയായി. ഈ വര്‍ഷം തന്നെ രണ്ടായ എ ഐ എ ഡി എം കെ ഒന്നാകുകയും ജയലളിതയെ നേതാവായി തെരഞ്ഞെടുക്കുകയും ചെയ്തു.
 
9. പ്രതിപക്ഷനേതാവായിരുന്ന സമയത്ത് ജയലളിതയുടെ സാരി ഭരണപക്ഷത്തുള്ളവര്‍ നിയമസഭയില്‍ വെച്ച് വലിച്ചുകീറിയത് വിവാദമായിരുന്നു. പിന്നീട് സ്ത്രീകള്‍ക്ക് സുരക്ഷിതമായി നിയമസഭയില്‍ ഇരിക്കാന്‍ പറ്റുമെങ്കില്‍ മാത്രമേ സഭയില്‍ എത്തുകയുള്ളൂ എന്ന് അവര്‍ ശപഥം ചെയ്തു. ആ ശപഥം വിജയിച്ചു.
 
10. 1991ല്‍ തമിഴ്നാടിന്റെ ആദ്യ വനിത മുഖ്യമന്ത്രിയായി ജയലളിത തെരഞ്ഞെടുക്കപ്പെട്ടു. അതു മാത്രമായിരുന്നില്ല, ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയുമായിരുന്നു അവര്‍.
Next Article