1,175 കിലോ സ്വര്‍ണ നിക്ഷേപവുമായി തിരുപ്പതി!

Webdunia
ശനി, 12 ഫെബ്രുവരി 2011 (09:49 IST)
PRO
ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ക്ഷേത്രമായ തിരുപ്പതി വെങ്കടാചലപതി ക്ഷേത്രം 1,175 കിലോഗ്രാം സ്വര്‍ണം ബാങ്കില്‍ നിക്ഷേപിച്ചു. ക്ഷേത്രത്തിലെ നിര്‍ജ്ജീവ സ്വത്തുക്കളില്‍ നിന്ന് വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് സ്വര്‍ണ നിക്ഷേപം നടത്തിയതെന്ന് തിരുപ്പതി തിരുമല ദേവസ്ഥാനം അറിയിച്ചു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ നിക്ഷേപം നടത്തുന്നത് തിരുപ്പതി ക്ഷേത്രമാണ്. എസ്ബിഐയിലാണ് തിരുപ്പതി ക്ഷേത്രം സ്വര്‍ണ നിക്ഷേപം നടത്തിയിരിക്കുന്നത്. ഇത് നിര്‍ജ്ജീവ സ്വത്തുക്കളില്‍ നിന്ന് വരുമാനം ഉണ്ടാക്കുന്നതിന് മാത്രമല്ല സ്വത്തുക്കള്‍ക്ക് മേലുള്ള സുരക്ഷ ഉറപ്പിക്കാന്‍ കൂടിയാണെന്നും ദേവസ്ഥാനം വക്താവ് പറഞ്ഞു.

തിരുപ്പതിയിലെ കാണിക്ക വരുമാനം ഈ വര്‍ഷം 650 കോ‍ടി രൂപയായിരുന്നു. അടുത്തവര്‍ഷം ഇത് 675 കോടിയായി ഉയരുമെന്നാണ് പ്രതീക്ഷ.

ക്ഷേത്രത്തിലെ ഐടി സംവിധാനങ്ങള്‍ കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെല്‍ട്രോണിന്റെ സഹായത്തോടെ പരിഷ്കരിക്കാന്‍ തിരുപ്പതി ദേവസ്ഥാനം തീരുമാനമെടുത്തിട്ടുണ്ട്. 1.32 കോടി രൂപ ചെലവിട്ടായിരിക്കും നവീകരണം നടത്തുക.