‘ബ്ലാക്‌ബെറി സേവനം നിര്‍ത്തണം‘

Webdunia
തിങ്കള്‍, 14 ഫെബ്രുവരി 2011 (09:38 IST)
PRO
PRO
സുരക്ഷാ ഭീഷണി മുന്നില്‍ക്കണ്ട് ബ്ലാക്‌ബെറി സര്‍വീസ് നിര്‍ത്തിവയ്ക്കാ‍ന്‍ ടെലികോം കമ്പനികള്‍ തയ്യാറാവണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ബ്ലാക്‌ബെറിയിലെ ഈ മെയില്‍ സേവനങ്ങളും സര്‍വീസുകളും പരിശോധിക്കാന്‍ പ്രത്യേകസംവിധാനം നിലവിലില്ലെന്നണ് ഇതിന് കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ സാഹചര്യത്തില്‍ ഭീകരവാദികളും മറ്റും ഇവ ഉപയോഗിച്ചേക്കുമെന്ന ആശങ്ക നിലവിലുണ്ട്.

ജനുവരി 31നകം തൃപ്തികരമായ വിധത്തില്‍ മെയില്‍സര്‍വീസ് പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് നേരത്തെ ബ്ലാക്‌ബെറിക്ക് അന്ത്യശാസനം നല്‍കിയിരുന്നു. ഇതു നീട്ടിയിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

സുരക്ഷാ ഏജന്‍സികള്‍ക്ക് തങ്ങളുടെ ബി ഇ എസ് എന്ന മെയില്‍ സര്‍വീസ് നിരീക്ഷിക്കാന്‍ പ്രത്യേകസംവിധാനം നിലവിലില്ലെന്നാണ് ബ്ലാക്‌ബെറി നിര്‍മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍(റിം) പറയുന്നത്. ലോകത്ത് എല്ലായിടത്തും ഇത്തരം സര്‍വീസാണ് നിലവിലുള്ളതെന്നും റിം അവകാശപ്പെടുന്നു.

ഈ സാഹചര്യത്തില്‍ ടെലികോം കമ്പനികള്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് ആഭ്യന്തരസെക്രട്ടറി ജി കെ പിള്ള വ്യക്തമാക്കി. ടെലികോം ഓപ്പറേറ്റര്‍മാരാണ് ബ്ലാക്‌ബെറിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത്.

ഭാരതി, വോഡഫോണ്‍, ഐഡിയ, ആര്‍ കോം, റ്റാറ്റ, ബി എസ് എന്‍ എല്‍, എം ടി എന്‍ എല്‍ എന്നിവ ഉള്‍പ്പെടെ എട്ട് ടെലികോം കമ്പനികള്‍ ഇന്ത്യയില്‍ ബ്ലാക്‌ബെറി സേവനം നല്‍കുന്നുണ്ട്.

നിരവധി രാജ്യങ്ങള്‍ സുരക്ഷ മുന്നില്‍ക്കണ്ട് ബ്ലാക്‌ബെറി സര്‍വീസ് നിരോധിച്ചിട്ടുണ്ട്.