നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനാപകടത്തില്‍ മരിച്ചു എന്ന് കരുതപ്പെടുമ്പോഴും അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച ദുരൂഹത തുടരുകയാണ്. അദ്ദേഹത്തിന്റെ നൂറ്റിപ്പതിനാറാം ജന്മദിനം കടന്നുപോകുമ്പോഴും അതിന് വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. നേതാജിയ്ക്ക് എന്തായിരിക്കാം സംഭവിച്ചിട്ടുണ്ടാവുക? അതേക്കുറിച്ചുള്ള രേഖകള്‍ സര്‍ക്കാരിന്റെ പക്കല്‍ ഉണ്ട് എന്നാണ് അദ്ദേഹത്തിന്റെ കുടുംബവും ചരിത്രഗവേഷകരും പറയുന്നത്.
നേതാജിയ്ക്ക് എന്ത് പറ്റിയെന്ന സത്യം വിളിച്ചുപറയാന്‍ ശേഷിയുള്ള രേഖകള്‍ പ്രധാനമന്ത്രിയുടെ ഓഫിസിലുണ്ട്, ഇന്ത്യയിലെ രഹസ്യാന്വേഷണ സംഘങ്ങള്‍ക്കും അതറിയാം- ബന്ധുക്കള്‍ ആരോപിക്കുന്നു.
ഈ രേഖകള്‍ പുറത്തിവിടണമെന്നും യാഥാര്‍ത്ഥ്യം ജനം മനസ്സിലാക്കാന്‍ ഇത് സഹായിക്കും എന്നും അവര്‍ പറയുന്നു. ഇത്തരത്തില്‍ 100 കണക്കിന് രേഖകള്‍ ഉണ്ട്. പ്രധാനമന്ത്രിയുടെ ഓഫിസില്‍ മാത്രം 33 രേഖകള്‍ ഉണ്ട്. രഹസ്യാന്വേഷണ വിഭാഗമായ ‘റോ‘യിലും കാണും അനേകം ഫയലുകള്‍. ചരിത്രത്തില്‍ നേതാജിയ്ക്ക് അര്‍ഹിക്കുന്ന സ്ഥാനം ലഭിച്ചിട്ടില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
1945 ലാണ് നേതാജി മരിച്ചതെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാല്‍ അതിന്റെ തെളിവുകള്‍ സര്‍ക്കാര്‍ ഇന്നും പുറത്തുവിട്ടിട്ടില്ല. 1945 ഓഗസ്റ്റ് 18-ന് ബോസ് തായ്‌വാനിലെ തെയ്ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ അദ്ദേഹം മരിച്ചു എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ജപ്പാനിലെ റെങ്കോജി ക്ഷേത്രത്തിലുള്ള ചിതാഭസ്മം സര്‍ക്കാര്‍ പറയും പോലെ നേതാജിയുടേത് അല്ലെ മുഖര്‍ജി കമ്മിഷന്‍ കണ്ടെത്തിയിരുന്നു.