നെഹ്രു കുടുംബത്തിന് സ്വിസ് ബാങ്ക് നിക്ഷേപമുണ്ടെന്ന് വീണ്ടും ബിജെപി വക ആരോപണം. മുതിര്‍ന്ന അഭിഭാഷകനും ബിജെപി എംപിയുമായ രാം ജഠ്മലാനിയാണ് ഇത്തവണ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ഗാന്ധി കുടുംബത്തിന് സ്വിസ് ബാങ്കില്‍ നിക്ഷേപമുണ്ടെന്നാണ് വിശ്വസിക്കുന്നത്. സ്വിസ് മാഗസിനുകളും കെന്റ് ബുക്സും രാഹുല്‍ ഗാന്ധിക്ക് സ്വിസ് ബാങ്കില്‍ നിന്ന് പണം ലഭിക്കുന്നതായി എഴുതിയിട്ടുണ്ട്. ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന മുഴുനീള പരസ്യവും ഇക്കാര്യം ആവര്‍ത്തിക്കുന്നു എന്നും രാം ജഠ്മലാനി പാര്‍ലമെന്റിനു വെളിയില്‍ വച്ച് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
സോണിയ ഗാന്ധിയുടെയും ഭര്‍ത്താവ് രാജീവ് ഗാന്ധിയുടെയും പേരുകള്‍ സ്വിസ് അക്കൌണ്ട് ഉള്ളവരുടെ പട്ടികയില്‍ ഉണ്ടെന്ന് ബിജെപിയുടെ സമിതി കണ്ടെത്തിയത് വിവാദമായിരുന്നു. ഇതെതുടര്‍ന്ന്, സോണിയയുടെ പേര് പരാമര്‍ശിച്ചതില്‍ എല്‍കെ അദ്വാനി കത്തിലൂടെ ഖേദപ്രകടനം നടത്തി എന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
എന്നാല്‍, അദ്വാനി ഖേദപ്രകടനം നടത്തിയില്ല എന്നാണ് ജഠ്മലാനി വാദിക്കുന്നത്. സ്വിസ് നിക്ഷേപത്തെ കുറിച്ചുള്ള ആരോപണം സോണിയ ഇതാദ്യമായാണ് നിഷേധിക്കുന്നത് എന്ന് മാത്രമാണ് അദ്വാനിയുടെ കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത് എന്നാണ് ജഠ്മലാനി നല്‍കിയ വിശദീകരണം.