ഹൈദരാബാദ്​ സർവകലാശാലയില്‍ സ്ഥാപിച്ചിരിക്കുന്ന രോഹിത്​ വെമുലയുടെ സ്തൂപം പൊളിച്ച് മാറ്റാന്‍ നീക്കം

Webdunia
വ്യാഴം, 31 മാര്‍ച്ച് 2016 (14:07 IST)
ഹൈദരാബാദ്​ സർവകലാശാലയില്‍ സ്ഥാപിച്ചിരിക്കുന്ന രോഹിത്​ വെമുലയുടെ സ്​തൂപം പൊളിച്ചുമാറ്റണമെന്ന്​ വൈസ്​ചാൻസലർ ഡോ അപ്പറാവു. സര്‍വകലാശാലയില്‍ ഇത്തരമൊരു കീഴ്വഴക്കം ഇല്ലെന്നും അതുകൊണ്ടുതന്നെ അനധികൃതമായി നിർമിച്ച സ്തൂഭം മാറ്റണം എന്നും  ആരോപിച്ചാണ്​ സ്​തൂപം പൊളിച്ചുമാറ്റാൻ നീക്കം തുടങ്ങിയത്​. രോഹിത്​ വെമുലയുടെ ചിത്രങ്ങൾ, അദ്ദേഹത്തിന്റെ വാക്കുകൾ, അർധകായ പ്രതിമകൾ എന്നിവ ചേർന്നതാണ്​ സ്​മാരകം. 
 
ഈ മാസം 24 ന്​ ചേർന്ന സർവകലാശാല എക്​സിക്യൂട്ടീവിലാണ്​ ഇതു സംബന്ധിച്ച നിർദേശം ഉയർന്നത്​. അടിയന്തര നടപടിയുണ്ടാവില്ലെന്നും ആദ്യം നോട്ടീസ്​ നൽകിയിട്ടായിരിക്കും അനധികൃത നിർമാണങ്ങൾ തകർക്കുകയെന്നും വിസി അറിയിച്ചു. ‘വെളിവാഡ’ എന്ന പേരിലാണ്​ രോഹിത്​ ​വെമുല സ്​മാരകം അറിയപ്പെടുന്നത്​. ആത്​മഹത്യക്ക്​ മുമ്പ്​ ത​ന്റെ സസ്​​പെൻഷൻ നടപടിക്കെതിരെ രോഹിത്​ പ്രതിഷേധം നടത്തിയ സ്ഥലമാണ്​ ഇവിടം. 
 
അതേസമയം, സ്​മാരകം തകർത്താൽ പ്രതിഷേധം  രാജ്യം മുഴുവൻ വ്യാപിക്കുമെന്ന്​ രോഹിത്​ വെമുലയുടെ സുഹൃത്ത്​ പറഞ്ഞു. ജാതി വിവേചനത്തിനെതിരെയുള്ള സമരത്തെ പ്രതിനിധാനം ചെയ്യുന്ന സ്ഥലമാണ്​ ‘വെളിവാഡ’യെന്നും വിദ്യാർത്ഥികള്‍ പറഞ്ഞു.
 
ആരോപണവിധേയനായ അപ്പറാവു വീണ്ടും വൈസ്​ ചാൻസലർ ചുമതല ഏറ്റെടുത്തതി​നേത്തുടര്‍ന്ന് സർവകലാശാലയിൽ പ്രക്ഷോഭം ശക്തമായിരുന്നു. വിസിയെ തടഞ്ഞുവെച്ചതിനെ തുടർന്ന്​ നിരവധി വിദ്യാർത്ഥികളെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. അതേസമയം, കാരണം വ്യക്തമാക്കാതെ അവധിയില്‍ പ്രവേശിച്ച അധ്യാപകര്‍ക്ക് വിസി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.