ഹസന്‍ അലിയുടെ വളര്‍ച്ച നൂറിരട്ടി!

Webdunia
ശനി, 19 മാര്‍ച്ച് 2011 (11:25 IST)
PTI
വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ച് നികുതി വെട്ടിപ്പ് നടത്തിയതിന്റ് പേരില്‍ അറസ്റ്റിലായ പൂനെ സ്വദേശി ഹസന്‍ അലി ഖാന്റെ സമ്പാദ്യം ആറു വര്‍ഷത്തിനിടെ നൂറിരട്ടിയായി ഉയര്‍ന്നു. 2001- 02 വര്‍ഷത്തില്‍ 529 കോടി രൂപയായിരുന്നു ഹസന്‍ അലിയുടെ സമ്പാദ്യം. എന്നാല്‍ 2007 ആയപ്പോഴേക്കും അത് 54,268 കോടി രൂപയായി വര്‍ദ്ധിച്ചെന്ന് കണ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തി.

ഹസന്‍ അലിയുടെ പക്കല്‍ പണം കുമിഞ്ഞുകൂടിക്കൊണ്ടിരിക്കുന്നതിന്റെ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ചു. ഹസന്‍ അലിയുടെ അഞ്ചുവര്‍ഷത്തെ വളര്‍ച്ച ഇങ്ങനെയാണ്: 2001-02: 5,29 കോടി, 2002-03: 5,404 കോടി, 2003-04: 2,444 കോടി, 200-06: 10,495 കോടി, 2006-07: 54,268 കോടി.

ഇത്രയും പണം വാരിക്കൂട്ടിയിട്ടും അഞ്ചു വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും ഇയാള്‍ ആദായനികുതി അടച്ചിട്ടില്ല. 2007 ഫെബ്രുവരിയില്‍ ആദായനികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചപ്പോള്‍ മാത്രമാണ് ഇയാള്‍ നികുതി അടയ്ക്കാന്‍ തയ്യാറായതെന്ന് റിപ്പോര്‍ട്ടിലുണ്ട്. വിദേശത്ത് നികുതിയില്ലാപ്പണം നിക്ഷേപിച്ചത് സംബന്ധിച്ച് എന്‍ഫോഫ്സ്മെന്റ് ഇയാളെ ഇപ്പോള്‍ ചോദ്യം ചെയ്തുവരികയാണ്.

നിലവില്‍, ഹസന്‍ അലിയോട് 71,874 കോടി രൂപയാണ് നികുതിയായി ആവശ്യപ്പെട്ടിരിക്കുന്നത്. 4,056 കോടി രൂപ കൂടി സി ഏ ജി ഇതിനൊപ്പം എഴുതിച്ചേര്‍ത്തിട്ടുണ്ട്. 3,370 കോടി രൂപയുടെ അണ്ടര്‍ ടാക്സേഷന്‍ കേസുകളും 305 കോടി രൂപയുടെ മൂന്ന് ഓവര്‍ ടാക്സേഷന്‍ കേസുകളും ഇയാളുടെ പേരില്‍ റജിസ്‌റ്റര്‍ ചെയ്തിട്ടുണ്ട്.

മറ്റൊരു കേസില്‍, പ്രമുഖ ഹൃദയശസ്ത്രക്രിയാ വിദഗ്ധന്‍ ഡോക്‍ടര്‍ നരേഷ് ട്രെഹാനു മേല്‍ യഥാര്‍ത്ഥ കണക്കിനേക്കാള്‍ കുറവ് നികുതി മാത്രമാണ് ആദായനികുതി വകുപ്പ് ചുമത്തിയതെന്നും സി എ ജി കണ്ടെത്തി.