സ്വാതന്ത്ര്യദിനം കനത്ത സുരക്ഷയില്‍

Webdunia
ചൊവ്വ, 14 ഓഗസ്റ്റ് 2007 (17:41 IST)
FILEWD
ഇന്ത്യയുടെ അറുപതാം സ്വാതന്ത്ര്യദിനാഘോഷം കനത്ത സുരക്ഷാ സംവിധാനങ്ങള്‍ക്കിടയില്‍. കശ്മീര്‍ കുന്നുകള്‍, മദ്ധ്യ ഇന്ത്യയിലെ വനപ്രദേശങ്ങള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കലാപബാധിത പ്രദേശങ്ങള്‍ എല്ലാം സേനയുടെ നിയന്ത്രണത്തിലാണ്.

സ്വാതന്ത്ര്യ ദിനാഘോഷങ്ങളീല്‍ തീവ്രവാദ സംഘടനകള്‍ ആക്രമണങ്ങള്‍ നടത്തുക പതിവായ സാഹചര്യത്തിലാണ് ശക്തമായ സുരക്ഷാസന്നാഹം ഒരുക്കുന്നത്. ഉള്‍ഫ, മാവോയിസ്റ്റ്, മുസ്ലീം തീവ്രവാദി സംഘടനകളെല്ലാം നിരീക്ഷണത്തിലാണ്.

ബുധനാഴ്ച രാവിലെ ചുവപ്പുകോട്ടയില്‍ ദേശീയപതാക ഉയര്‍ത്തുന്ന പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് അതിനുശേഷം രാജ്യത്തെ അഭിസംബോധന ചെയ്യും. സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലും രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് 7 മണിക്ക് ദൂരദര്‍ശനില്‍ ഹിന്ദിയിലും തുടര്‍ന്ന് ഇംഗ്ലീഷിലും ഇത് സം‌പ്രേക്ഷണം ചെയ്യും. ഓള്‍ ഇന്ത്യ റേഡിയോയിലും പ്രസംഗം പ്രക്ഷേപണം ചെയ്യും

സുരക്ഷാ നടപടികളുടെ ഭാഗമായി ചുവപ്പുകോട്ടയ്ക്കു ചുറ്റും കെട്ടിടങ്ങളുടെ മുകളിലും തെരുവിലുമെല്ലാം ആയുധധാരികളായ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഹെലികോപ്റ്ററുകളിലും സുരക്ഷാഭടന്മാര്‍ റോന്തുചുറ്റുന്നുണ്ട്. ഭീകരാക്രമന ഭീഷണി ഏറെയുള്ള ഡല്‍‌ഹിയിലും മുംബൈയിലും പോലീസ് വാഹനപരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

എന്നാല്‍ തലസ്ഥാനത്തുനിന്ന് 1400 കിമി അകലെ സ്ഥിതിചെയ്യുന്ന അസ്സമില്‍ വിമതര്‍ ബുധനാഴ്ച മുതല്‍ 36 പേരെ കൊന്നൊടുക്കിയിട്ടുണ്ട്. സ്വാതന്ത്ര്യദിനത്തിന്‍റെ പശ്ചാത്തലത്തിലാണ് ആക്രമണങ്ങള്‍. അസ്സമില്‍ സേന പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. ഗുവാഹതിയിലും പരിസരത്തും ഉള്‍ഫ കുടുതല്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു.