സ്വര്‍ണമാലയുടെ പേരില്‍ മരുമകനെ കൊന്നു

Webdunia
തിങ്കള്‍, 20 ഫെബ്രുവരി 2012 (16:40 IST)
PRO
PRO
മഹാരാഷ്ട്രയിലെ പഞ്ചവടിയില്‍ ഭാര്യാപിതാവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. സ്വര്‍ണ മാലയുടെ പേരിലായിരുന്നു കൊലപാതകമെന്ന് പൊലീസ് അറിയിച്ചു. ഭരത് പാല്‍ഡെ എന്നയാളാണ് ഭാര്യാപിതാവായ വിജയ് ദേവിന്റെ കുത്തേറ്റ് മരിച്ചത്.

ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. വിജയുടെ മകളും ഭരതും രണ്ട് വര്‍ഷം മുമ്പ് ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. ഇവരുടെ വിവാഹത്തോട് വിജയ് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു അത്. എന്നാല്‍ കഴിഞ്ഞ ദീപാവലിക്ക് മകള്‍ മതാപിതാക്കളെ സന്ദര്‍ശിച്ചു. അപ്പോള്‍ വിജയ് മകളുടെ സ്വര്‍ണമാല ഊരി വാങ്ങുകയായിരുന്നു. പണയം വയ്ക്കാന്‍ എന്ന് പറഞ്ഞായിരുന്നു ഇങ്ങനെ ചെയ്തത്. മകളെ വിവാഹമോചനത്തിനായി ഇയാള്‍ നിര്‍ബന്ധിക്കുകയും ചെയ്തു.

പക്ഷേ മകള്‍ ഭരതിന്റെ അടുത്തേക്ക് തന്നെ തിരിച്ചുപോയി. മാല തിരികെ ചോദിച്ചെങ്കിലും വിജയ് നല്‍കാന്‍ കൂട്ടാക്കിയില്ല. മാല തിരികെ വേണമെന്ന് ഭരതും നിരന്തരം ആവശ്യപ്പെട്ടു. ഒടുവില്‍ ഭരതും പിതാവും മാ‍ലയ്ക്കായി ശനിയാഴ്ച വിജയ്‌യുടെ വീട്ടിലെത്തി. ഇവര്‍ തമ്മിലുണ്ടായ വാഗ്വാദമാണ് കൊലയില്‍ കലാശിച്ചത്.