സൈനിക മേധാവിക്ക് കൈക്കൂലി വാഗ്ദാനം; സിബിഐ അന്വേഷിക്കും

Webdunia
തിങ്കള്‍, 26 മാര്‍ച്ച് 2012 (12:17 IST)
PRO
PRO
14 കോടി കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന കരസേനാ മേധാവി ജനറല്‍ വി കെ സിംഗിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് സി ബി ഐ അന്വേഷിക്കും. പ്രതിരോധമന്ത്രി എ കെ ആന്റണിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

നിലവാരമില്ലാത്ത 600 സൈനിക വാഹനങ്ങള്‍ വാങ്ങുന്നതിനായി സൈന്യത്തിലെ ഒരാള്‍ തന്നെ സമീപിച്ച് 14 കോടി വാഗ്ദാനം ചെയ്തു എന്നാണ് കരസേനാ മേധാവി ‘ദി ഹിന്ദു’ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കൈക്കൂലി വാഗ്ദാനം താന്‍ എതിര്‍ത്തു. അപ്പോള്‍ തന്റെ മേലുദ്യോഗസ്ഥരും കീഴുദ്യോഗസ്ഥരും അനുമതി നല്‍കിയിട്ടുണ്ടെന്നാണ് അയാള്‍ പറഞ്ഞതെന്നും വി കെ സിംഗ് വ്യക്തമാക്കുന്നു. നിലവാരമില്ലാത്ത 7000 വിമാനങ്ങളാണ് സൈന്യം ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.

വി കെ സിംഗിന്റെ ആരോപണം ഗുരുതരമാണെന്നാണ് എ കെ ആന്റണി പ്രതികരിച്ചത്. ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരുസഭകളും തിങ്കളാ‍ഴ്ച സ്തംഭിപ്പിച്ചു.

കൈക്കൂലി വാഗ്ദാനം ലഭിച്ചപ്പോള്‍ തന്നെ അത് എ കെ ആന്റണിയെ അറിയിച്ചിരുന്നു എന്നും വി കെ സിംഗ് പറയുന്നുണ്ട്. വി കെ സിംഗിന്റെ ഈ വെളിപ്പെടുത്തലുകള്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ഇക്കാര്യം അറിഞ്ഞപ്പോള്‍ തന്നെ ആന്റണി എന്തുകൊണ്ടാണ് തുടര്‍നടപടികള്‍ സ്വീകരിക്കാതിരുന്നതെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്.

English Summary: After the Army chief's disclosure that he was offered a bribe worth Rs. 14 crore to sanction the purchase of a consignment of sub-standard vehicles, the government has ordered an inquiry by the Central Bureau of Investigation or CBI.