സംസ്ഥാനത്തെ എല്ലാ തെറ്റുകളുടെയും വിളനിലം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണെന്ന് ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജ്. കേരളം കണ്ട ഏറ്റവും മോശം ആഭ്യന്തരമന്ത്രിയാണ് തിരുവഞ്ചൂര്‍. താന്‍ പൊട്ടിയ പന്തായിരിക്കും. എന്നാല്‍, തിരുവഞ്ചൂര്‍ വീര്‍ത്തിരിക്കുന്ന ബലൂണാണ്. താന്‍ തൊട്ടാല്‍ അത് പൊട്ടും. ഡാറ്റാ സെന്റര്‍ കൈമാറ്റക്കേസില്‍ ആഭ്യന്തരമന്ത്രി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. തിരുവഞ്ചൂര്‍ ആഭ്യന്തരമന്ത്രിയാകും മുമ്പേ സിബിഐ അന്വേഷണം സുപ്രീംകോടതി സ്റ്റേ ചെയ്തെന്ന വാദം പുകമറ സൃഷ്ടിക്കലാണെന്നും പിസി ജോര്‍ജ് പറഞ്ഞു.
സിബിഐ അന്വേഷണം സംബന്ധിച്ച് വിജ്ഞാപനം ഇറക്കാനുള്ള മന്ത്രിസഭയുടെ അധികാരം സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. തിരുവഞ്ചൂര്‍ കോട്ടയത്ത് വ്യവഹാരദല്ലാള്‍ നന്ദകുമാറിനെ കണ്ടതിന് സാക്ഷികളുണ്ട്. തിരുവഞ്ചൂര്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നെന്ന് പറയുന്ന സമയം ചിലപ്പോള്‍ ശരിയായിരിക്കും. എന്നാല്‍, അന്ന് വൈകുന്നേരം എഴിന് തിരുവഞ്ചൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് നന്ദകുമാറിനെ സര്‍ക്കാര്‍ കാറില്‍ കയറ്റിക്കൊണ്ടുപോകുന്നത് കണ്ടവരുണ്ട്.പലരെയും കാണുന്ന രാഷ്ട്രീയദല്ലാളായ നന്ദകുമാര്‍ ഏത് ഏജന്‍സിപ്പണിക്കാണ് തിരുവഞ്ചൂരിനെ കണ്ടതെന്ന് വ്യക്തമാക്കണം. വിജിലന്‍സ് കേസില്‍ ഉള്‍പ്പെട്ട നന്ദകുമാറിനെ തിരുവഞ്ചൂര്‍ രാത്രി എന്തിനാണ് വിളിച്ചതെന്നും പിസി ജോര്‍ജ് ചോദിച്ചു.
മുഖംമൂടി വലിച്ചുകീറുമെന്ന് പറഞ്ഞത് വെറുതെയല്ല. വ്യക്തമായ കാഴ്ചപ്പാട് ഇക്കാര്യത്തിലുണ്ട്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും യുഡിഎഫ് കണ്‍വീനര്‍ക്കും എകെ ആന്റണിക്കും കത്ത് നല്‍കിയിട്ടുണ്ട്. അവര്‍ ഇക്കാര്യത്തില്‍ പ്രതികരണം അറിയിച്ചിട്ടില്ല. അവരുടെ മറുപടിക്ക് കാത്തിരിക്കേണ്ട മര്യാദയുണ്ട്.
92 വയസ്സുള്ള വിഎസ് അച്യുതാനന്ദന്റെ കൈ മുത്തിയെന്നത് വലിയ കുറ്റമല്ല. അദ്ദേഹത്തോട് ബഹുമാനമുണ്ട്. എന്നാല്‍, അദ്ദേഹത്തിന്റെ നിലപാടിനെതിരെ താന്‍ നല്‍കിയ കേസാണ് സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്നത്. അച്യുതാനന്ദനെതിരെ പ്രസ്താവനയിറക്കുകയും അദ്ദേഹത്തെ സഹായിക്കാന്‍ രഹസ്യമായി കച്ചവടം ഉറപ്പിക്കുകയും ചെയ്യുന്ന തിരുവഞ്ചൂരിന്റെ പണി തനിക്കില്ല. കേസില്‍ താന്‍ സുപ്രീംകോടതിയില്‍ അടുത്തദിവസം ഹാജരാകുന്നുണ്ട്.