സംഝോത സ്ഫോടനം: ബോംബുവച്ച ചൌഹാന്‍ അറസ്റ്റില്‍

Webdunia
തിങ്കള്‍, 13 ഫെബ്രുവരി 2012 (10:40 IST)
രാജ്യത്തെ നടുക്കിയ സംഝോത എക്സ്പ്രസ് ട്രെയിന്‍ സ്ഫോടന കേസിലെ മുഖ്യപ്രതികളിലൊരാള്‍ കൂടി പിടിയില്‍. ഇന്‍‌ഡോറുകാരനായ കമല്‍ ചൗഹാനെയാണ് ദേശീയ അന്വേഷണ ഏജന്‍സി ഞായറാഴ്ച അറസ്റ്റ് ചെയ്തത്. ഇയാളാണ് ട്രെയിനില്‍ ബോംബ് സ്ഥാപിച്ചത് എന്നാണ് കരുതുന്നത്. ഇയാളെ തിങ്കളാഴ്ച ഡല്‍ഹിയിലെ പാട്യാല ഹൗസ്‌ കോടതിയില്‍ ഹാജരാക്കും.

കേസിലെ പ്രധാന പ്രതികളായ റാംജി കല്‍സാന്‍ഗ്രയുടെയും സന്ദീപ് ഡാന്‍ഗെയുടെയും അടുത്ത അനുയായിയായി കരുതുന്ന ചൗഹാനെ എന്‍.ഐ.എ ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. സ്വാമി അസീമാനന്ദ്‌, സാധ്വി പ്രഗ്യാ സിംഗ്‌ താക്കൂര്‍, സന്ദീപ്‌ ഡാംഗെ, ലോകേഷ്‌ ശര്‍മ, രാമചന്ദ്ര കല്‍സന്‍ഗ്ര, സുനില്‍ ജോഷി എന്നിവരെ പ്രതിയാക്കിയാണ്‌ എന്‍ഐഎ കേസ്‌ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌. ഇതില്‍ സുനില്‍ ജോഷി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു. സുനില്‍ ജോഷിയുടെ കൊലപാതകത്തെ പറ്റി ചൌഹാനില്‍ നിന്ന് സുപ്രധാന മൊഴി ലഭിക്കും എന്നാണ് കരുതപ്പെടുന്നത്.

2007 ഫെബ്രുവരി 18ന് ഉണ്ടായ സ്ഫോടനത്തില്‍ 68 പേര്‍ കൊല്ലപ്പെട്ടിരുന്നു. ട്രെയിന്‍ ഡല്‍ഹിയില്‍നിന്നു 80 കിലോമീറ്റര്‍ അകലെ ഹരിയാനയിലെ പാനിപ്പത്തിനടുത്ത്‌ ദിവാനയില്‍ എത്തിയപ്പോഴായിരുന്നു സ്ഫോടനം. ഡല്‍ഹി-ലാഹോര്‍ സംഝോത എക്സ്പ്രസ് സര്‍വീസ് അട്ടിമറിച്ച് ഇന്തോ-പാക്ക് സമാധാനശ്രമങ്ങള്‍ തകര്‍ക്കുകയായിരുന്നു സ്ഫോടനത്തിന് പിന്നിലെ ലക്‌ഷ്യം. ഇന്ത്യക്കാര്‍ക്ക് പുറമെ തീവണ്ടിയില്‍ യാത്ര ചെയ്തിരുന്ന 43 പാക്ക് പൗരന്മാരും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. രാജ്യത്തെ നടുക്കിയ സ്ഫോടനത്തിന് പിന്നില്‍ ഇസ്ലാമിക ഭീകരരാണെന്നായിരുന്നു അന്വേഷണ ഏജന്‍സികളുടെ ആദ്യനിഗമനം.