വിലക്കയറ്റം: പാര്‍ലമെന്‍റില്‍ പ്രതിപക്ഷ ബഹളം, സഭ നിര്‍ത്തിവെച്ചു

Webdunia
ചൊവ്വ, 27 ജൂലൈ 2010 (11:22 IST)
പെട്രോളിയം ഉല്പന്നങ്ങളുടെ വിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്‍റില്‍ പ്രതിപക്ഷ ബഹളം. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇരു സഭകളും 12 മണിവരെ നിര്‍ത്തിവെച്ചു.

12 പ്രതിപക്ഷ അംഗങ്ങള്‍ ആണ് വിലകയറ്റം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തിരപ്രമേയത്തിന് ലോക്സഭയില്‍ നോട്ടീസ് നല്കിയത്. വിലക്കയറ്റ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം നോട്ടീസ് നല്കിയത്.

ചോദ്യോത്തരവേള നിര്‍ത്തിവെച്ച് അടിയന്തിരപ്രമേയം ചര്‍ച്ചയ്ക്ക് എടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍, ചോദ്യോത്തരവേള തുടരാന്‍ അനുവദിക്കണമെന്ന് സ്പീക്കര്‍ മീരാ കുമാര്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു.

അടിയന്തിരപ്രമേയത്തിനു നോട്ടീസ് നല്കിയതിനു ശേഷം പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെയ്ക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് സുഷമ സ്വരാജിന്‍റെ നേതൃത്വത്തിലായിരുന്നു നടുത്തളത്തിലിറങ്ങി പ്രതിപക്ഷം ബഹളം വെച്ചത്. അമിത് ഷാ വിഷയത്തെ തുടര്‍ന്ന് പ്രതിപക്ഷം ഐക്യം നഷ്ടപ്പെട്ടിരുന്നെങ്കിലും വിലക്കയറ്റത്തില്‍ സര്‍ക്കാരിനെതിരെ ഒറ്റക്കെട്ടായാണ് പ്രതിപക്ഷം അണിനിരന്നത്.

രാവിലെ സഭ സമ്മേളിച്ച ഉടനെ പ്ലേക്കാര്‍ഡുകളുമായാണ് രാജ്യസഭയില്‍ പ്രതിപക്ഷം എത്തിയത്. തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വെയ്ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് രാജ്യസഭയും 12 മണിവരെ നിര്‍ത്തിവെച്ചിരിക്കുകയാണ്.