വിക്കിലീക്സ് 3,038 രഹസ്യങ്ങള്‍ ഇന്ത്യയുടെ

Webdunia
തിങ്കള്‍, 29 നവം‌ബര്‍ 2010 (09:13 IST)
വിക്കിലീക്സ് ഞായറാഴ്ച പ്രസിദ്ധീകരിച്ച 2,50,000 രഹസ്യ രേഖകളില്‍ 3,038 എണ്ണം ഇന്ത്യയുമായി ബന്ധപ്പെട്ടതാണ്. ന്യൂഡല്‍ഹിയിലെ യുഎസ് എംബസിയില്‍ നിന്നുള്ള സന്ദേശങ്ങളാണിവ. മൊത്തം 30 ലക്ഷം രഹസ്യ രേഖകളാണ് വിക്കിലീക്സ് പുറത്തുവിടാനിരിക്കുന്നത്.

വിക്കിലീക്സ് സൈറ്റ് വമ്പന്‍ ട്രാഫിക് മൂലം ലഭ്യമല്ലാത്തതിനാല്‍ ഇന്ത്യയെ സംബന്ധിക്കുന്ന വിവരങ്ങള്‍ ഇതുവരെയായും വ്യക്തമായിട്ടില്ല. വിക്കിലീക്സ് ഇന്ത്യന്‍ നയതന്ത്ര വിവരങ്ങള്‍ പുറത്തുവിടുമെന്നും അതിനാല്‍ കരുതലോടെ ഇരിക്കണമെന്നും യുഎസ് കഴിഞ്ഞ ദിവസം ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

കാഠ്മണ്ഡുവിലെ യുഎസ് എംബസിയില്‍ നിന്നുള്ള 2,278 സന്ദേശങ്ങളും കൊളംബോയില്‍ നിന്നുള്ള 3,325 സന്ദേശങ്ങളും ഇസ്ലാമബാദില്‍ നിന്നുള്ള 2,220 സന്ദേശങ്ങളും ഇപ്പോള്‍ പരസ്യപ്പെടുത്തിയിരിക്കുന്ന രഹസ്യ രേഖകളില്‍ ഉള്‍പ്പെടുന്നു.

വിക്കിലീക്സ് ന്യൂയോര്‍ക്ക് ടൈംസിനു കൈമാറിയ 251,287 രേഖകളില്‍ ഒന്നിലും അതീവ രഹസ്യ സ്വഭാവമുള്ള ആശയവിനിമയങ്ങള്‍ ഇല്ല എന്നാണ് സൂചന. ഇതില്‍, 11,000 രേഖകള്‍ രഹസ്യ സ്വഭാമുള്ളതാണെന്നും 9000 രേഖകള്‍ മറ്റു രാജ്യങ്ങള്‍ക്ക് കൈമാറാന്‍ കഴിയാത്തത് ആണ് എന്നും 4,000 രേഖകള്‍ രഹസ്യ സ്വഭാവമുള്ളതും മറ്റ് രാജ്യങ്ങള്‍ക്ക് കൈമാറാന്‍ സാധിക്കത്തതും എന്നും രേഖപ്പെടുത്തിയിരിക്കുന്നു.