നാഗാലാന്‍ഡ് ആഭ്യന്തരമന്ത്രി ഇംകോങ് എല്‍ ഇംചെന്‍ രാജിവച്ചു. മന്ത്രി സഞ്ചരിച്ച വാഹനത്തില്‍ നിന്ന് ആയുധങ്ങളും മദ്യവും ഒരു കോടിയിലേറെ രൂപയും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് നാഗാ പീപ്പിള്‍സ് ഫ്രണ്ട് മന്ത്രിസഭയില്‍ നിന്ന് ഇംചെന്‍ രാജിവച്ചത്. അതേസമയം താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും ജനവിധി തേടുന്ന ഇംചനെ അയോഗ്യനാക്കണമെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ആയുധനിയമപ്രകാരം ഗുരുതരമായ കുറ്റമാണ് ഇംചന്‍ ചെയ്തത് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കേസ് ദേശീയ അന്വേഷണ ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
കൊഹിമയില്‍ നിന്ന് കൊറിഡാംഗയിലേക്കുള്ള യാത്രാമധ്യേയാണ് ഇംചന്‍ അറസ്റ്റിലായത്. ആയുധങ്ങള്‍, വെടിയുണ്ടകള്‍, മദ്യം,1.1 കോടി രൂപ തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ വാഹനത്തില്‍ നിന്ന് കണ്ടെടുത്തത്. മൊക്കോക്ചോങ് ജില്ലയിലെ കൊറിഡാംഗ മണ്ഡലത്തിലെ നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട്(എന്‍പിഎഫ്) സ്ഥാനാര്‍ഥിയായി ഇംചെന്‍ വീണ്ടും നിയമസഭയിലേക്ക് മത്സരിക്കുന്നുണ്ട്‍. മൊകോക്ചുങ് ജില്ലയില്‍ നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല ഇംചെനാണ്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി അസം റൈഫിള്‍സ് വോക്ക ജില്ലയില്‍ വാഹനപരിശോധന നടത്തവേയാണ് മന്ത്രി കുടുങ്ങിയത്.
ഫെബ്രുവരി 23 നാണ് നാഗാലാന്‍ഡില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.