വാരാണസിയില്‍ മോഡിക്കെതിരേ മത്സരിക്കുമെന്ന് കെജ്‌രിവാ‍ള്‍

Webdunia
ചൊവ്വ, 25 മാര്‍ച്ച് 2014 (19:09 IST)
PRO
PRO
വാ‍രാണസിയില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിക്കെതിരേ മത്സരിക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍. വാരാണസിയില്‍ നടന്ന സമ്മേളനത്തിലാണ് കെജ്‌രിവാളിന്റെ പ്രഖ്യാപനം.

രാവിലെ ഗംഗയില്‍ കുളിച്ച് ക്ഷേത്ര ദര്‍ശനം കഴിഞ്ഞിറങ്ങിയ കെജ്‌രിവാളിന്റെ വാഹനത്തിന് നേരെ ബിജെപി പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞിരുന്നു. കാശി വിശ്വനാഥ് ക്ഷേത്രത്തിന്റെ പുറത്തുവെച്ചാണ് ചീമുട്ടയേറുണ്ടായത്. ഗംഗയില്‍ മുങ്ങിയ ശേഷം കെജ്രിവാള്‍ റോഡ് ഷോകളില്‍ പങ്കെടുക്കാന്‍ യാത്ര തിരിച്ചതായിരുന്നു. വൈകിട്ട് മൂന്നിന് വീണ്ടും ആക്രമണമുണ്ടാവുകയും കെജ്‌രിവാളിനു നേരേ മഷിപ്രയോഗം നടത്തുകയും ചെയ്തു.

വാരണാസിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മഷിപ്രയോഗമുണ്ടായത്. പ്രദേശത്ത് ആം ആദ്മി, ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇവരെ പിരിച്ചുവിടാന്‍ പോലീസിന് ലാത്തിച്ചാര്‍ജ് നടത്തേണ്ടിവന്നു. വാരണാസിയില്‍ മോഡി മാത്രം മത്സരിച്ചാല്‍ മതിയെന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു ആക്രമണം. തുടര്‍ന്ന് വാരണാസിയില്‍ നരേന്ദ്ര മോഡിക്കെതിരേ മത്സരിക്കുന്ന കാര്യം സമ്മേളനത്തില്‍ അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു.