വാതുവയ്പ്: സുരേഷ് റെയ്ന നിരീക്ഷണത്തില്‍

Webdunia
ചൊവ്വ, 28 മെയ് 2013 (20:26 IST)
PTI
വാതുവയ്പ് കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അഞ്ച് താരങ്ങള്‍ നിരീക്ഷണത്തില്‍. സുരേഷ് റെയ്‌ന ഉള്‍പ്പടെയുള്ള അഞ്ച് താരങ്ങളാണ് യു പി പൊലീസിന്‍റെ നിരീക്ഷണത്തിലുള്ളതെന്ന് എ ഡി ജി പി അരുണ്‍ കുമാര്‍ അറിയിച്ചു.

സുരേഷ് റെയ്‌ന, ആര്‍ പി സിംഗ്, പിയൂഷ് ചൌള, പ്രവീണ്‍ കുമാര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് പൊലീസ് നിരീക്ഷണത്തിലുള്ള അഞ്ച് ഇന്ത്യന്‍ താരങ്ങള്‍. ഇവരും അഞ്ച് രഞ്ജി ക്രിക്കറ്റ് താരങ്ങളും ഉള്‍പ്പടെ 10 താരങ്ങളാണ് നിരീക്ഷണത്തിലുള്ളത്.

ചെന്നൈ സൂപ്പര്‍ കിംഗ്സ്, റോയല്‍‌സ് ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, കിംഗ്സ് ഇലവന്‍ പഞ്ചാബ്, പുനെ വാരിയേഴ്സ് എന്നീ ഐ പി എല്‍ ടീമുകളിലാണ് ഈ പത്ത് താരങ്ങള്‍ കളിച്ചിരുന്നത്.

ചെന്നൈ ടീമിന്‍റെ ഉടമയായ ഗുരുനാഥ് മെയ്യപ്പന്‍റെ അറസ്റ്റോടെയാണ് കൂടുതല്‍ കളിക്കാര്‍ വാതുവയ്പ്പില്‍ ഉള്‍പ്പെട്ടിരിക്കാമെന്ന വിവരം പൊലീസിന് ലഭിച്ചത്. എന്തായാലും മുതിര്‍ന്ന താരങ്ങള്‍ ഉള്‍പ്പടെ നിരീക്ഷണത്തിലായതോടെ ക്രിക്കറ്റ് ആരാധകര്‍ ആശങ്കയിലാണ്.