വാക്കുതര്‍ക്കം: ഹോട്ടലുടമയെ കാര്‍ കയറ്റിക്കൊന്നു

Webdunia
ബുധന്‍, 12 ജനുവരി 2011 (14:22 IST)
PRO
PRO
രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ പട്ടാപ്പകല്‍ ഒരു അരുംകൊല. ഡല്‍ഹിയിലെ തിരക്കേറിയ ഖാന്‍ മാര്‍ക്കറ്റില്‍ വച്ച് രണ്ട് കാറുകള്‍ തമ്മില്‍ ഉരഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഒരു ഹോട്ടല്‍ ഉടമയെ ജെറ്റ് എയര്‍‌വെയ്സ് പൈലറ്റ് കാര്‍ കയറ്റി കൊന്നു!

ഖാന്‍ മാര്‍ക്കറ്റിലെ ‘അമിസി’ ഹോട്ടലിന്റെ ഉടമ രാജീവ് ജോളിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ തന്റെ ഐ - 20 കാറില്‍ മാര്‍ക്കറ്റിനു പുറത്തേക്ക് വരികയായിരുന്നു രാജീവ്. ഈസമയത്ത്, തന്റെ ഫോര്‍ഡ് ഐക്കണ്‍ കാറില്‍ മാര്‍ക്കറ്റിലേക്ക് വരികയായിരുന്നു പൈലറ്റ് വികാസ് അഗര്‍വാളിന്റെ കാറും രാജീവിന്റെ കാറും കൂട്ടിയുരസിയതാണ് പ്രശ്നമുണ്ടാവാനുള്ള കാരണം.

കാറുകള്‍ തമ്മില്‍ ഉരസിയ ഉടന്‍ തന്നെ കാറില്‍ നിന്ന് പുറത്തിറങ്ങിയ രാജീവ് വികാസിന്റെ കാറിനു മുന്നിലെത്തി. ഇരുവരും തമ്മില്‍ ചൂടേറിയ വാക്ക് തര്‍ക്കം നടന്നുകൊണ്ടിരിക്കെ, വികാസ് തന്റെ കാര്‍ മുന്നോട്ട് എടുക്കുകയും കുറഞ്ഞത് നാല് തവണയെങ്കിലും രാജീവിന്റെ ശരീരത്തിലൂടെ കയറ്റിയിറക്കുകയും ചെയ്തു എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

രാജീവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എതിരാളിയെ ഇടിച്ചു വീഴ്ത്തിയ ശേഷം രക്ഷപെടാന്‍ ശ്രമിച്ച വികാസിനെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.