ലൈംഗിക പീഡനക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തെഹല്‍ക മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ശനിയാഴ്ച ഉച്ചവരെ സമയം വേണമെന്നാണ് ഗോവ പോലീസിനോട് ആവശ്യപ്പെട്ടത്. തേജ്പാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി നാളെ വിധി പറയാനിരിക്കെയാണ് തേജ്പാല്‍ ഹാജരാകാന്‍ സമയം ആവശ്യപ്പെട്ടത്.
ചോദ്യംചെയ്യാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഗോവ പൊലീസ് തേജ്പാലിന് സമന്‍സ് അയച്ചിരുന്നു. പനാജിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. നേരിട്ട് ഹാജരാകാനുള്ള സമയ പരിധി ഇന്ന് അവസാനിക്കുകയാണ്. സമയപരിധിക്കുള്ളില്‍ ഹാജരായില്ലെങ്കില്‍ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് ഉള്‍പ്പെടെയുള്ള നടപടികള്‍ ഗോവ പോലീസ് സ്വീകരിച്ചേക്കും.പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക ഇന്നലെ ഗോവയിലെത്തി മജിസ്‌ട്രേറ്റിന് മൊഴി നല്‍കി.
തേജ്പാലിന് നാലാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകന്‍ കെടിഎസ് തുളസി കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ തേജ്പാലിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് ഗോവ സര്‍ക്കാര്‍ എതിര്‍ത്തു. തേജ്പാലിന്റെ ഇമെയില്‍ സന്ദേശങ്ങള്‍ കേസില്‍ മുഖ്യ തെളിവാണെന്ന് ഗോവ പോലീസ് അവകാശപ്പെട്ടു. തേജ്പാല്‍ രാജ്യം വിട്ട് പോകാതിരിക്കാന്‍ ഗോവ പൊലീസ് ജാഗ്രത നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.