ലക്ഷങ്ങള്‍ സമ്പൂര്‍ണ്ണ ഗ്രഹണം കണ്ടു

Webdunia
ബുധന്‍, 22 ജൂലൈ 2009 (08:50 IST)
ഈ നൂറ്റാണ്ടിലെ ദൈര്‍ഘ്യമേറിയ സൂര്യ ഗ്രഹണത്തിന് ജന ലക്ഷങ്ങള്‍ സാക്‍ഷിയായി. ഗുജറാത്തിലെ സൂററ്റിലാണ് ആദ്യം ഗ്രഹണം ദൃശ്യമായത്. വാരണാസിയില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം കൂടുതല്‍ സമയം ദൃശ്യമായി.

ബീഹാറിലെ തരേഗാനയില്‍ കൂടുതല്‍ സമയം സൂര്യഗ്രഹണം ദൃശ്യമാവുമെന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലും മഴ മേഘങ്ങള്‍ തടസ്സം സൃഷ്ടിച്ചു. മുംബൈയിലും ഗ്രഹണ ദൃശ്യങ്ങള്‍ കാണാന്‍ വ്യാപകമായ ഒരുക്കങ്ങള്‍ നടത്തിയിരുന്നു എങ്കിലും മഴമേഘം കാരണം ചന്ദ്രന്റെ മറവില്‍ വീര്‍പ്പ് മുട്ടുന്ന സൂര്യനെ കാണാനെത്തിയവര്‍ നിരാശരായി.

ഇന്ത്യയില്‍ സൂററ്റ് മുതല്‍ അരുണാചല്‍ പ്രദേശ് വരെയാണ് സമ്പൂര്‍ണ്ണ സൂര്യ ഗ്രഹണം ദൃശ്യമായത്. സൂററ്റ്, വഡോദര, ഇന്‍ഡോര്‍, ഭോപ്പാല്‍, വാരണാസി, തരേഗാന, ഭാവനഗര്‍, ശിവനഗര്‍, ഡാര്‍ജിലിംഗ് തുടങ്ങിയ സ്ഥലങ്ങള്‍ ഈ നൂറ്റാ‍ണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിന് വേദിയായി.

കേരളത്തില്‍ ഭാഗിക സൂര്യഗ്രഹണമാണ് ദൃശ്യമായത്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം തുടങ്ങിയ ഇടങ്ങളില്‍ ഭാഗിക സൂര്യഗ്രഹണം കാണാനായി. മലപ്പുറത്ത് ഏകദേശം 73 ശതമാനത്തോളം ഗ്രഹണം നടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊച്ചിയില്‍ ഒരുക്കങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും കാര്‍മേഘങ്ങള്‍ ഗ്രഹണ കാഴ്ചയെ തടസ്സപ്പെടുത്തി.

എട്ട് മിനിറ്റ് നീളുന്നതായിരിക്കും ലോകത്ത് കാണാന്‍ സാധിച്ചേക്കാവുന്ന ഏറ്റവും വലിയ സൂര്യഗ്രഹണം എന്നിരിക്കെ ഇന്ന് നടന്ന സൂര്യ ഗ്രഹണത്തിന്റെ ദെര്‍ഘ്യം ആറ് മിനിറ്റ് 44 സെക്കന്‍ഡ് ആയിരുന്നു. ഇനി 123 വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും ഇന്ത്യയില്‍ ദൈര്‍ഘ്യമേറിയ സൂര്യ ഗ്രഹണം വീഷിക്കാനുള്ള അവസരം വരുന്നത്.