റോബര്‍ട്ട് വധേര അനധികൃതമായി ഭുമി വാങ്ങിക്കൂട്ടി എന്നാരോപിച്ചുള്ള പ്രതിപക്ഷ ബഹളത്തെതുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളും പിരിഞ്ഞു. റെയില്‍ ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടി ഇതേ തുടര്‍ന്ന് ബുധനാഴ്ചത്തേക്ക് മാറ്റി. ലോക്സഭയും രാജ്യസഭയും രാവിലെ ചേര്‍ന്നപ്പോള്‍ രാജസ്ഥാനിലെ ബിക്കാനീറില്‍ റോബര്‍ട്ട് വാധ്ര അനധികൃതമായി ഭൂമി വാങ്ങി എന്ന റിപ്പോര്‍ട്ടുയര്‍ത്തി ബി ജെ പി അംഗങ്ങള്‍ ബഹളം തുടങ്ങി. ഇരുസഭകളിലും ചോദ്യോത്തരവേള നിറുത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു.
ഇറ്റാലിയന്‍ നാവികരുടെ വിഷയം ഉന്നയിച്ച് ഇടതുപക്ഷവും ശ്രീലങ്കന്‍ തമിഴ് വിഷയത്തില്‍ അണ്ണാ ഡി എം കെ അംഗങ്ങളും നടുത്തളത്തിലിറങ്ങി ബഹളംവെച്ചു. ഇതോടെ ഇരുസഭകളും ആദ്യ പന്ത്രണ്ടു മണിവരെയും പിന്നീട് രണ്ടുമണി വരെയും നിറുത്തി വച്ചു. രണ്ടു മണിക്ക് സഭാനടപടികള്‍ തുടങ്ങിയപ്പോള്‍ റെയില്‍ ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി നല്കാന്‍ സ്പീക്കര്‍ റെയില്‍മന്ത്രി പവന്‍കുമാര്‍ ബന്‍സലിനെ ക്ഷണിച്ചു
എന്നാല്‍ മറുപടി തുടങ്ങിയപ്പോള്‍ പ്രതിപക്ഷത്തിന്‍റെ മുദ്രാവാക്യം വിളിയും തുടങ്ങി. തുടര്‍ന്ന് ഇരുസഭകളും പിരിഞ്ഞു. കേരളം ഉന്നയിച്ച വിഷയങ്ങള്‍ മറുപടി നല്കുമ്പോള്‍ പരിഗണിക്കാമെന്ന് റെയില്‍ മന്ത്രി പറഞ്ഞിരുന്നത്. സഭയില്‍ ഈ അവസ്ഥ തുടര്‍ന്നാല്‍ പല വിഷയങ്ങളിലും വ്യക്തമായി മറുപടി പ്രതീക്ഷിക്കേണ്ടതില്ല. പഴയ ഒരു വിഷയം അനാവശ്യമായി ബി ജെ പി ഇപ്പോള്‍ ഉയര്‍ത്തി കൊണ്ടു വരികയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം പൊതു ബജറ്റും ചില ബില്ലുകളും ചര്‍ച്ച കൂടാതെ പാസ്സാക്കാന്‍ കോണ്‍ഗ്രസും ബി ജെ പിയും ഒത്തുകളിക്കുകയാണെന്ന് സി പി എം കുറ്റപ്പെടുത്തി.