കഴിഞ്ഞവര്‍ഷം പാമ്പ് കടിയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയത് 108 പേര്‍; 102 പേരുടെയും ജീവന്‍ രക്ഷിച്ചു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 20 ഫെബ്രുവരി 2025 (10:47 IST)
കഴിഞ്ഞവര്‍ഷം പാമ്പ് കടിയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയ 108 പേരില്‍ 102 പേരുടെയും ജീവന്‍ രക്ഷിച്ചു. അതേസമയം  മരണപ്പെട്ട ആറുപേര്‍ മറ്റു സ്ഥലങ്ങളില്‍ ചികിത്സ തേടി ഗുരുതരാവസ്ഥയിലാണ് മെഡിക്കല്‍ കോളേജില്‍ എത്തിയത്. അതിനാലാണ് ഇവരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കാതെ പോയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മൂര്‍ഖന്‍, ശങ്കുവരയന്‍, ചുരുട്ട അണലി, രക്താണലി തുടങ്ങിയ പാമ്പുകളുടെ കടിയേറ്റാണ് ഏറെ പേരും ചികിത്സയ്ക്ക് എത്തിയത്.
 
പലരുടെ നില ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും കൃത്യമായ സമയത്ത് ചികിത്സ നല്‍കിയതോടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം പാമ്പുകടിയേറ്റാല്‍ ഉടന്‍ മറ്റു സ്ഥലങ്ങളില്‍ എത്തിക്കാതെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കുകയാണ് വേണ്ടതെന്ന് മെഡിക്കല്‍ കോളേജ് ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവി അറിയിച്ചു.
 
പാമ്പുകടിയേറ്റു വരുന്നവരുടെ രക്തം പരിശോധിച്ചും രോഗ ലക്ഷണങ്ങള്‍ നോക്കിയും കടിച്ച പാമ്പിനെ തിരിച്ചറിയാനാകും. അതേസമയം കടിച്ച പാമ്പിനെ പിടിക്കാന്‍ ശ്രമിക്കരുതെന്നും അത് കൂടുതല്‍ അപകടം ഉണ്ടാകുമെന്നും പറ്റുമെങ്കില്‍ പാമ്പിന്റെ ഫോട്ടോ എടുത്താല്‍ മതിയെന്നും അതിലൂടെ പാമ്പിനെ തിരിച്ചറിയാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍