മൂന്നാം ലോക മഹായുദ്ധം അത്ര അകലെയല്ല; സെലെന്‍സ്‌കിക്കും ട്രംപിന്റെ താക്കീത്

രേണുക വേണു

വ്യാഴം, 20 ഫെബ്രുവരി 2025 (10:33 IST)
യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലെന്‍സ്‌കിയെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സെലെന്‍സ്‌കി തിരഞ്ഞെടുപ്പിനെ നേരിടാതെ അധികാരത്തിലെത്തിയ ഏകാധിപതിയാണെന്ന് ട്രംപ് പറഞ്ഞു. സെലെന്‍സ്‌കി എത്രയും പെട്ടന്നു മാറിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ രാജ്യം അവശേഷിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. 
 
' സെലെന്‍സ്‌കി തിരഞ്ഞെടുപ്പ് നടത്താതെ യുക്രെയ്‌നില്‍ ഭരണം തുടരുകയാണ്. അദ്ദേഹം വളരെ ഭവ്യത അഭിനയിച്ചു വിജയിച്ച ഒരു കൊമേഡിയന്‍ ആണ്. ബൈഡനെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ മാത്രമാണു സെലെന്‍സ്‌കി മിടുക്ക് കാണിച്ചത്. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ട്രംപിനു മാത്രമേ അത് സാധ്യമാകൂവെന്ന് എല്ലാവര്‍ക്കും അറിയാം. വേണ്ടവിധം കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ അദ്ദേഹത്തിനു സ്വന്തം രാജ്യം തന്നെ നഷ്ടമാകും,' ട്രംപ് പറഞ്ഞു. 
 
മൂന്നാം ലോക മഹായുദ്ധം അത്ര അകലെയല്ലെന്നും ട്രംപ് പറഞ്ഞു. ' മൂന്നാം ലോക മഹായുദ്ധം ഉണ്ടായാല്‍ ആര്‍ക്കും ലാഭമുണ്ടാകില്ല. പക്ഷേ നമ്മള്‍ അതില്‍ നിന്ന് അത്ര അകലെയല്ല. മൂന്നാം ലോക മഹായുദ്ധത്തില്‍ നിന്ന് അത്ര അകലെയല്ല നമ്മളെന്ന് മാത്രം എനിക്ക് ഇപ്പോള്‍ പറയാന്‍ സാധിക്കും. ബൈഡന്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ അധികാരത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ മൂന്നാം ലോക മഹായുദ്ധത്തിനു നടുവില്‍ ആകുമായിരുന്നു നമ്മള്‍. ഇപ്പോള്‍ എന്തായാലും അത് സംഭവിക്കാന്‍ പോകുന്നില്ല,' ട്രംപ് പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍