'ലോകത്ത് ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന രാജ്യം, അവരുടെ കൈയില്‍ കുറേ പൈസയുണ്ട്'; ഇന്ത്യയ്ക്കുള്ള ധനസഹായം റദ്ദാക്കി ട്രംപ്

രേണുക വേണു

ബുധന്‍, 19 ഫെബ്രുവരി 2025 (11:03 IST)
തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പുവരുത്താനും വോട്ടെടുപ്പ് സംവിധാനം ശക്തിപ്പെടുത്താനുമായി യുഎസ് ഇന്ത്യയ്ക്കു നല്‍കിയിരുന്ന സാമ്പത്തിക സഹായം റദ്ദാക്കി. ഇന്ത്യയുടെ കൈയില്‍ ഒരുപാട് പണമുണ്ടെന്ന വിചിത്രവാദം ഉന്നയിച്ചാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി. യുഎസ് സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കല്‍ വിഭാഗമായ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി അഥവാ ഡോജ് (DOGE) ന്റെ ശുപാര്‍ശ അനുസരിച്ചാണ് ഇന്ത്യയ്ക്കുള്ള ധനസഹായം നിര്‍ത്താന്‍ ട്രംപ് തീരുമാനിച്ചത്. 
 
21 മില്യണ്‍ ഡോളറാണ് (ഏകദേശം 160 കോടി) യുഎസ് ഇന്ത്യയ്ക്കു ധനസഹായമായി നല്‍കിയിരുന്നത്. യുഎസ് ജനതയുടെ നികുതി പണം എന്തിനാണ് മറ്റൊരു രാജ്യത്തിന്റെ ആവശ്യത്തിനായി ചെലവഴിക്കുന്നതെന്ന് ട്രംപ് ചോദിച്ചു. 
 
' നമ്മള്‍ എന്തിനാണ് ഇന്ത്യക്ക് 21 മില്യണ്‍ ഡോളര്‍ നല്‍കുന്നത്? അവരുടെ കൈയില്‍ ഒരുപാട് പണമുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഉയര്‍ന്ന നികുതി മൂലം അമേരിക്കയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ ഒട്ടേറെ പ്രതിസന്ധികള്‍ ഉണ്ട്. ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും എനിക്ക് വലിയ ബഹുമാനമുണ്ട്. പക്ഷേ ഇന്ത്യയിലെ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ നമ്മള്‍ 21 മില്യണ്‍ ഡോളര്‍ നല്‍കുന്നതിന്റെ ആവശ്യമെന്താണ്?,' ട്രംപ് പറഞ്ഞു. 
 
ഇലോണ്‍ മസ്‌ക് നേതൃത്വം നല്‍കുന്ന ഡോജ് ഫെബ്രുവരി 16 നാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കു വിവിധ പേരില്‍ നല്‍കിയിരുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്. സഹായം നിര്‍ത്തികൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവയ്ക്കുകയും ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍