രാഹുലിനെ ചെരുപ്പെറിഞ്ഞ സംഭവത്തില്‍ പങ്കില്ല: രാംദേവ്

Webdunia
ചൊവ്വ, 24 ജനുവരി 2012 (15:19 IST)
PRO
PRO
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിക്ക് നേരെ ഉത്തരഖണ്ഡില്‍ ചെരുപ്പേറുണ്ടായ സംഭവത്തില്‍ പങ്കില്ലെന്ന് യോഗ ഗുരു ബാബ രാംദേവ്. സംസ്കാരത്തോടെയും സഹിഷ്ണുതയോടെയും പെരുമാറാനാണ് താന്‍ അനുയായികളെ പഠിപ്പിക്കുന്നതെന്നും രാംദേവ് പറഞ്ഞു.

ചെരുപ്പേറ് പോലെ നീചമായ പ്രവര്‍ത്തികള്‍ ആരും ചെയ്യാന്‍ പാടില്ലാത്തതാണ്. അതല്ല ഇന്ത്യയുടെ സംസ്കാരം. അണ്ണാ സംഘത്തിന് നേരെയാണ് ആദ്യം ഇത്തരം ആക്രമണങ്ങള്‍ ഉണ്ടായത്. ഇപ്പോള്‍ അത് രാഹുലിന് നേരെയും ഉണ്ടായി.

കുല്‍ദീപ് സിംഗ്(26) എന്നയാളാണ് രാഹുല്‍ പ്രസംഗിക്കുന്ന വേദിക്ക് നേരെ ചെരുപ്പെറിഞ്ഞത്. ഡറാഡൂണില്‍ രാഹുല്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേയാണ് സംഭവം.

ചെരുപ്പേര് നടത്തിയതിനു പിന്നില്‍ ബാബ രാംദേവാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗ് ആരോപിച്ചിരുന്നു. ബി ജെ പി, ആര്‍എസ്എസ് പിന്തുണയിലാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും ദിഗ് വിജയ് ആരോപിച്ചിരുന്നു.