രാജ്യം ഉറക്കമൊഴിച്ച് കാത്തിരുന്ന ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലിന് മിന്നുന്ന ജയം. ബിജെപിയുടെ കുതന്ത്രങ്ങള്‍ ഒന്നും കോണ്‍ഗ്രസിന്റെ വിജയപാതക്ക് തടസമായില്ല. ഈ ജയം ദേശീയതലത്തില്‍ കോണ്‍ഗ്രസിനു വലിയ ശക്തി പകരുമെന്ന കാര്യത്തില്‍ സംശയമില്ല.
മുൻ കോണ്‍ഗ്രസുകാരന്‍ കൂടിയായ ബല്‍വന്ത്സിങ് രാജ്പുത്തിനെയാണു അഹമ്മദ് പട്ടേല്‍ മലര്‍ത്തിയടിച്ചത്. സത്യത്തിന്റെ വിജയമാണ് ഉണ്ടായതെന്ന് പട്ടേല്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. ഇത് തന്റെ മാത്രം വിജയമല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിജയം ബിജെപിയുടെ കണ്ണ് തുറപ്പിക്കുമെന്നും പട്ടേല്‍ വ്യക്തമാക്കി.
ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്കു തുടങ്ങേണ്ടിയിരുന്ന വോട്ടെണ്ണല്‍ 45 മിനിറ്റോളം വൈകിയാണ് ആരംഭിച്ചത്. പിന്നീട്, പലതവണ നിര്‍ത്തിവയ്ക്കേണ്ടിയും വന്നു. രണ്ടു വോട്ടുകള്‍ അസാധുവായതോടെ ഒരു സ്ഥാനാര്‍ഥിക്കു ജയിക്കാൻ വേണ്ട കുറഞ്ഞ വോട്ട് 44 ആയി. 46 വോട്ടു കിട്ടുമെന്നു പ്രതീക്ഷിച്ച അഹമ്മദ് പട്ടേലിനു കൃത്യം 44 വോട്ടേ കിട്ടിയുള്ളൂ. സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ വിജയം കൂടിയാണിത്.