ബ്രിട്ടീഷ് സൂപ്പര്‍ കാറായ ആസ്റ്റണ്‍ മാര്‍ട്ടിന് ഒരു പാവം മാരുതി ആള്‍ട്ടോ സൈഡ് കൊടുക്കാതിരുന്നപ്പോള്‍ ഉണ്ടായത് സൂപ്പര്‍ തല്ല്. തല്ല് കൊണ്ടത് പാവപ്പെട്ട രണ്ട് സോഫ്റ്റുവെയര്‍ എഞ്ചിനീയര്‍മാര്‍ക്ക്. തല്ല് കൊടുത്തതോ? തെലുങ്ക് സൂപ്പര്‍സ്റ്റാറും കേന്ദ്രമന്ത്രിയുമായ ചിരഞ്ജീവിയുടെ മകന്‍ സൂപ്പര്‍സ്റ്റാര്‍ രാം ചരണ്‍ തേജയുടെ ബോഡി ഗാര്‍ഡുകള്‍.
രാം ചരണ്‍ തേജ ഓടിച്ച ആസ്റ്റര്‍ മാര്‍ട്ടിന്‍ കാറിന് ആള്‍ട്ടോയില്‍ സഞ്ചരിച്ച ഫനീഷ്, കല്യാണ്‍ എന്നിവര്‍ ബോധപൂര്‍വം സൈഡ് നല്‍കിയില്ല എന്ന് ആരോപിച്ചാണ് രാം ചരണിന്‍റെ ബോഡി ഗാര്‍ഡുകള്‍ ഇവരെ മര്‍ദ്ദിച്ചത്. ബന്‍ജാര ഹില്‍സിലെ തിരക്കേറിയ റോഡിലാണ് സംഭവം.
താജ് കൃഷ്ണ ജംഷനില്‍ നിന്ന് നാഗാര്‍ജ്ജുന സര്‍ക്കിളിലേക്ക് രാം ചരണ്‍ കാറില്‍ പോകവേയാണ് രണ്ട് യുവാക്കള്‍ ആള്‍ട്ടോയിലെത്തി മാര്‍ഗതടസം സൃഷ്ടിച്ചത്. പലതവണ വഴി കണ്ടെത്താന്‍ ശ്രമിച്ചിട്ടും ആള്‍ട്ടോ സഞ്ചാരികള്‍ അനുവദിച്ചില്ലത്രെ.
എന്നാല്‍ ആസ്റ്റണ്‍ മാര്‍ട്ടിനില്‍ രാം ചരണ്‍ തേജയാണെന്ന് തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും ബോധപൂര്‍വം മാര്‍ഗതടസമുണ്ടാക്കന്‍ ശ്രമിച്ചില്ലെന്നുമാണ് ടെക്കികളായ ഫനീഷും കല്യാണും പറയുന്നത്.
കുറേസമയത്തെ എലിയും പൂച്ചയും കളിക്കുശേഷം രാം ചരണ്‍ എന്തായാലും ആള്‍ട്ടോയെ മറികടന്ന് കാര്‍ നിര്‍ത്തുകയും യുവാക്കളുമായി വാഗ്വാദത്തിലേര്‍പ്പെടുകയും ചെയ്തു. അതിന് ശേഷം രാം ചരണ്‍ ബോഡിഗാര്‍ഡുകളെ വിളിച്ചുവരുത്തി തങ്ങളെ ആക്രമിക്കുകയായിരുന്നു എന്നാണ് യുവാക്കള്‍ പറയുന്നത്. എന്തായാലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.