വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ആറ് ലോക്‌സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. അരുണാചല്‍പ്രദേശിലും മേഘാലയയിലും രണ്ടും നാഗാലന്‍ഡിലും മണിപ്പൂരിലും ഓരോന്നും സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
അതേസമയം മിസോറമിലെ ഒരു ലോക്‌സഭ മണ്ഡലത്തില്‍ ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് 11ലേക്ക് മാറ്റി. ചില സംഘടനകള്‍ ബന്ദ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഏറ്റവും ശ്രദ്ധേയം മുന്‍ ലോക്‌സഭ സ്പീക്കര്‍ പിഎ സാംഗ്മ മത്സരിക്കുന്ന മേഘാലയയിലെ തുറയാണ്.
എന്‍പിപി സ്ഥാനാര്‍ഥിയായാണ് സാംഗ്മ ജനവിധി തേടുന്നത്. കോണ്‍ഗ്രസിന്റെ ഡാരില്‍ വില്യം ചേരന്‍ മോമിനാണ് സാംങ്മയുടെ എതിരാളി. മകളും കേന്ദ്രമന്ത്രിയുമായ അഗത സാംഗ്മയുടെ സിറ്റിംഗ് സീറ്റായിരുന്നു തുറ. സാംഗ്മ തുടര്‍ച്ചയായി ഒന്‍പത് തവണ വിജയിച്ച മണ്ഡലമാണിത്. അരുണാചലിലെ രണ്ടു ലോക്‌സഭ സീറ്റുകള്‍ക്ക് പുറമെ 60 അംഗ നിയമസഭയിലേയ്ക്കും തെരഞ്ഞെടുപ്പ് നടക്കുന്നു.