യെദ്യൂരപ്പയുടെ പിന്‍‌ഗാമി: അഭിപ്രായഭിന്നത രൂക്ഷം

Webdunia
വെള്ളി, 29 ജൂലൈ 2011 (17:30 IST)
PRO
PRO
കര്‍ണാടകയില്‍ ബിജെ പി ഘടകത്തില്‍ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. ബി എസ് യെദ്യൂരപ്പയ്ക്ക് പകരക്കാരനായി മുഖ്യമന്ത്രി ആരാകണം എന്നത് സംബന്ധിച്ച് അഭിപ്രായ ഐക്യം ഉണ്ടാക്കാനാകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടകയിലെ നേതൃമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ചേരാനിരുന്ന നിയമസഭാകക്ഷിയോഗം മാറ്റിവെച്ചിട്ടുണ്ട്.

യെദ്യൂരപ്പയുടെ രാജി സംബന്ധിച്ച് എംഎല്‍മാര്‍ക്കിടയില്‍ വിഭാഗീയത ഉടലെടുത്തതായി നേരത്തെ റിപ്പോര്‍ട്ടുകളുണടായിരുന്നു. ഒരു കൂട്ടം എംഎല്‍എമാര്‍ യെദ്യൂരപ്പ രാജി വയ്ക്കേണ്ട ആവശ്യമില്ലെന്ന അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. മുഖ്യമന്ത്രിയെ കാര്യമറിയാതെ ക്രൂശിക്കുകയാണെന്നാണ് ഇവര്‍ പറയുന്നത്.

അതേസമയം, താന്‍ നിര്‍ദേശിക്കുന്ന ആളെ മുഖ്യമന്ത്രിയാക്കണമെന്ന് യെദ്യൂരപ്പ ഉപാധിവച്ചിട്ടുണ്ട്. ബി ജെ പിയുടെ സംസ്ഥാന ഘടകത്തിന്റെ നേതൃസ്ഥാനവും യദ്യൂരപ്പ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി സമന്വയ സമിതി അധ്യക്ഷനായും തന്നെ നിയമിക്കണം എന്ന് യെദ്യൂരപ്പ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

ചര്‍ച്ചകള്‍ക്കായി ബിജെപി ദേശീയ നേതാക്കളായ അരുണ്‍ ജെയ്റ്റ്ലിയും രാജ്നാഥ് സിംഗും ഇന്ന് ഉച്ചയോടെ ബാംഗ്ളൂരിലെത്തിയിരുന്നു. ഇരുവരും ബിജെപി പ്രാദേശിക നേതാക്കളുമായി ചര്‍ച്ച നടത്തി. യെദ്യൂരപ്പയുമായും കേന്ദ്ര നേതാക്കള്‍ ചര്‍ച്ച നടത്തും. യെദ്യൂരപ്പയുടെ പിന്‍ഗാമിയായി കര്‍ണാടക ബിജെപി പ്രസിഡന്റ് ഈശ്വരപ്പ, മുന്‍ പ്രസിഡന്റ് സദാനന്ദ ഗൌഡ, യെദിയൂരപ്പയുടെ പ്രമുഖ എതിരാളിയും മുന്‍ കേന്ദ്രമന്ത്രിയുമായ അനന്ത് കുമാര്‍, മുന്‍ സംസ്ഥാന ആഭ്യന്തര മന്ത്രി വി എസ്. ആചാര്യ എന്നിവരുടെ പേരുകളാണ് കേന്ദ്ര നേതൃത്വം പരിഗണിക്കുന്നത്.

ഖനന അഴിമതി ആരോപണത്തെ തുടര്‍ന്നാണ് യെദ്യൂരപ്പയ്ക്ക് രാജിവയ്ക്കേണ്ടി വരുന്നത്. അനധികൃത ഖനനവിവാദം സംബന്ധിച്ച ലോകായുക്ത റിപ്പോര്‍ട്ടില്‍ യെദ്യൂരപ്പയെക്കെതിരെയും ബി ജെ പി മന്ത്രിമാര്‍ക്കെതിരെയും പരാമര്‍ശമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് ബി ജെ പി കേന്ദ്രനേതൃത്വം യെദ്യൂ‍രപ്പയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. രാജിവയ്ക്കാന്‍ ആദ്യം യെദ്യൂരപ്പ തയ്യാറായിരുന്നില്ല. എന്നാല്‍ ആര്‍ എസ് എസ് പിന്തുണയോടെ ബി ജെ പി നേതൃത്വം ഒറ്റക്കെട്ടായി രംഗത്തുവന്നതോടെ യെദ്യൂരപ്പ രാജിക്ക് സന്നദ്ധനാകുകയായിരുന്നു.