യദ്യൂരപ്പയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Webdunia
ചൊവ്വ, 29 മെയ് 2012 (19:50 IST)
PRO
PRO
അനധികൃത ഖനനക്കേസില്‍ അറസ്റ്റ് തടയുന്നതിനായി കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ജൂണ്‍ ഒന്നിലേക്കു മാറ്റി. ബാംഗ്ലൂര്‍ പ്രത്യേക സിബിഐ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്.

യെദ്യൂരപ്പയ്ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത സി ബി ഐ, കേസന്വേഷണം സുപ്രീം കോടതിയുടെ നിര്‍ദേശാനുസരണമാണെന്ന്‌ വാദിച്ചു. ആഗസ്റ്റിലാണ് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കേണ്ടത്‌. അതിനു മുന്‍പു യെദ്യൂരപ്പയെ അറസ്റ്റ്‌ ചെയ്യണമെന്നും സി ബി ഐ കോടതിയെ അറിയിച്ചു.

യദ്യൂരപ്പയ്ക്കും രണ്ട് മക്കള്‍ക്കും മറ്റ് രണ്ടുപേര്‍ക്കുമെതിരെ സി ബി ഐ കഴിഞ്ഞ ആഴ്ച എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. യെദ്യൂരപ്പയുടെയും ബന്ധുക്കളുടെയും വസതികളില്‍ സിബിഐ റെയ്ഡ് നടത്തുകയും ചെയ്തു.

ബാംഗ്ലൂര്‍ ഡോളര്‍ കോളനിയിലെ വസതിയിലും ഷിമോഗയിലെ വീട്ടിലുമാണ് റെയ്ഡ് നടന്നത്. ആറംഗ സിബിഐ സംഘമാണ് റെയ്ഡ് നടത്തിയത്. പരിശോധനയില്‍ പല സുപ്രധാന രേഖകളും കണ്ടെടുത്തു എന്നാണ് റിപ്പോര്‍ട്ട്.