ഗുജറാത്തിലെ ഡാംഗ്സ് ജില്ലാ കളക്ടര്‍ വെള്ളിയാഴ്ച നടന്ന ഒരു ചടങ്ങില്‍ വച്ച് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ രാമനായും റഹിമായും ജീസസായും താരതമ്യം ചെയ്തത് വിവാദമാവുന്നു. അതേസമയം, മുഖ്യമന്ത്രിയെ അതിരുവിട്ട് പുകഴ്ത്തിയതിനെ കുറിച്ച് ഓര്‍ക്കുന്നില്ല എന്നാണ് ജില്ലാ കളക്ടര്‍ ശനിയാഴ്ച ഇതെക്കുറിച്ച് പ്രതികരിച്ചത്.
വെള്ളിയാഴ്ച നടന്ന ‘ഗരീബ് കല്യാണ്‍ മേള’യില്‍ വച്ചാണ് ജില്ലാ കളക്ടര്‍ ഗിരീഷ് ഷാ മോഡിയെ അതിരുവിട്ട് പുകഴ്ത്തിയത്. ഡാംഗ്സ് ജില്ലയിലാണ് പുരാണ കഥാപാത്രമായ ശബരിയുടെ ഗൃഹമെന്നാണ് വിശ്വാസം. അതിന്റെ ചുവടുപിടിച്ചായിരുന്നു ഗിരീഷ് ഷാ മോഡിയെ പുകഴ്ത്തി തുടങ്ങിയത്.
നരേന്ദ്ര മോഡി വേദിയിലെത്തിയപ്പോഴേക്കും ഗിരീഷ് ഷാ പ്രശംസാവചനങ്ങള്‍ ആരംഭിച്ചിരുന്നു, “ശ്രീരാമന്‍ ശബരിമാതായുടെ ഗൃഹത്തില്‍ വന്നത് ചരിത്രമായിരുന്നു. നരേന്ദ്ര മോഡി ഡാംഗ്സ് സന്ദര്‍ശിക്കുന്ന ദിവസവും ചരിത്ര ദിനമായി കണക്കാക്കാം. മോഡി ആദിവാസികള്‍ക്ക് രാമനാണ്, മുസ്ലീങ്ങള്‍ക്ക് റഹിമാണ്, ക്രിസ്ത്യാനികള്‍ക്ക് ജീസസാണ്”.
മോഡി ഇവിടെയെത്തിയിരിക്കുന്നത് ആദിവാസികളുടെ ഉന്നമനത്തിനായാണ്. മഹാത്മാഗാന്ധി കൈയ്യില്‍ ഒരു ഊന്നുവടിയുമായാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയത്. മോഡി ഇപ്പോള്‍ നിങ്ങളുടെ ജീവിതത്തിന്റെ ഉന്നമനത്തിനായി ഒരു ഊന്നുവടി നല്‍കുകയാണ് എന്നും കളക്ടര്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
കളക്ടറുടെ പ്രസംഗം വാര്‍ത്താ പ്രാധാന്യം നേടിയതോടെ അദ്ദേഹം അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇതെ കുറിച്ച് ഒരു വാര്‍ത്താ ചാനല്‍ ചോദ്യമുന്നയിച്ചപ്പോഴും അദ്ദേഹത്തിന് വ്യക്തമായ ഉത്തരമില്ലായിരുന്നു. താന്‍ വളരെയധികം കാര്യങ്ങള്‍ സംസാരിച്ചു എന്നും ഇപ്പോള്‍ അതൊന്നും ഓര്‍മ്മിച്ചെടുക്കാന്‍ സാധിക്കുന്നില്ല എന്നുമായിരുന്നു കളക്ടര്‍ പറഞ്ഞത്.