മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതം: കേന്ദ്രമന്ത്രി

Webdunia
ഞായര്‍, 15 ജനുവരി 2012 (12:04 IST)
PRO
PRO
മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന്‌ കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രി അശ്വിനികുമാര്‍. ഡാമിന്റെ സുരക്ഷയെക്കുറിച്ച് പഠനം നടത്തിയ വിദഗ്ധര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അശ്വിനികുമാര്‍ പറഞ്ഞു. മുല്ലപ്പെരിയാറില്‍ പരിശോധന നടത്തിയ സാങ്കേതിക വിദഗ്ധര്‍ക്കെതിരെ നേരത്തെ കേരളം പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇവരുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി അശ്വിനികുമാര്‍ ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിതുറക്കും.

മുല്ലപ്പെരിയാറില്‍ പരിശോധന നടത്തിയ വിദഗ്ധ സമിതി തമിഴ്നാടിന് അനുകൂലമായി നിലപാട് എടുത്തു എന്നാണ് കേരളത്തിന്റെ പരാതി. ഡാമിന്റെ സുരക്ഷയെ സംബന്ധിച്ച് കേരളത്തിന്റെ ആശങ്ക മനസിലാക്കാന്‍ ഇവര്‍ തയാറായില്ലെന്നും ആരോപണമുണ്ട്.