മുന്‍ സിപി‌എം എം‌എല്‍‌എ ഉള്‍പ്പെടെ 2 പേരെ കൊന്നു

Webdunia
ബുധന്‍, 22 ഫെബ്രുവരി 2012 (15:22 IST)
ബംഗാളില്‍ റാലിയില്‍ പങ്കെടുക്കുകയായിരുന്ന സിപി‌എമ്മിന്റെ മുന്‍ എം‌എല്‍‌എ ഉള്‍പ്പെടെ രണ്ട് പേരെ അക്രമികള്‍ കൊലപ്പെടുത്തി. ബംഗാളിലെ ബര്‍ദ്വാനില്‍ സിപിഎം റാലിക്ക് നേരെയാണ് ആക്രമണമുണ്ടായത്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് സൂചനയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നാല് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഫെബ്രുവരി അവസാനം നടത്താനിരുന്ന തൊഴിലാളി പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ബര്‍ദ്വാനിലെ ദേവാനിധിയില്‍ നടന്ന റാലിയ്ക്ക് നേരെയായിരുന്നു അക്രമം. സിപിഎമ്മിന്റെ മുന്‍ എംഎല്‍എ പ്രദീപ്‌ഥോ, പാര്‍ട്ടി നേതാവ് കമല്‍ ഗ്യാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രദീപ്‌ഥോ സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടു. കമല്‍ ആശുപത്രിയില്‍വച്ചുമാണ് മരിച്ചത്.