മുംബൈയില്‍ ട്രെയിന്‍ യാത്ര നരകതുല്യം, മൂന്ന് മരണം

Webdunia
വ്യാഴം, 19 ഏപ്രില്‍ 2012 (17:38 IST)
PTI
മുംബൈയില്‍ സബര്‍ബന്‍ ട്രെയിനില്‍ നിന്ന് വീണ് മൂന്നുപേര്‍ മരിച്ചു. ജനങ്ങളെ കുത്തിനിറച്ച് പാഞ്ഞ ട്രെയിനില്‍ നിന്ന് വീണ് ഒരാളും സിഗ്നല്‍ പോസ്റ്റില്‍ തലയിടിച്ച് രണ്ടുപേരുമാണ് മരിച്ചത്. 17 പേര്‍ക്ക് പരുക്കേറ്റു.

മുംബൈയില്‍ സബര്‍ബന്‍ ട്രെയിന്‍ യാത്ര നരകതുല്യമായിരിക്കുകയാണ്. കുര്‍ളയില്‍ സിഗ്നല്‍ ക്യാബിന്‍ കത്തിനശിച്ചതിനാല്‍ സബര്‍ബന്‍ ട്രെയിന്‍ ഗതാഗതം ഭാഗികമായി മാത്രമേ നടക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ ഓടുന്ന കുറച്ചു ട്രെയിനുകളില്‍ ജനങ്ങള്‍ തിങ്ങിനിറയുകയാണ്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ അടിയന്തര സഹായം നല്‍കുമെന്ന് റയില്‍‌വെ അറിയിച്ചിട്ടുണ്ട്.

മുംബൈയില്‍ 70 ലക്ഷത്തോളം പേരാണ് സബര്‍ബന്‍ ട്രെയിനില്‍ ദിവസേന യാത്ര ചെയ്യുന്നതെന്നാണ് വിവരം. ട്രെയിന്‍ ഗതാഗതം ഭാഗികമായി നിലച്ചതോടെ റോഡുമാര്‍ഗമുള്ള യാത്രയും കുഴപ്പത്തിലായി.

ട്രെയിന്‍ ഗതാഗതം സാധാരണനിലയിലാകാന്‍ രണ്ടുദിവസമെങ്കിലും വേണ്ടിവരുമെന്നാണ് സൂചന.