മുംബൈയില്‍ ടാക്സി ലൈസന്‍സ് നാട്ടുകാര്‍ക്ക്

Webdunia
ബുധന്‍, 20 ജനുവരി 2010 (17:16 IST)
മുംബൈ നഗരത്തില്‍ ഇനിമുതല്‍ ടാക്സി ഡ്രൈവിംഗ് ലൈസന്‍സ് മഹാരാഷ്ട്രക്കാര്‍ക്ക് മാത്രം നല്‍കിയാല്‍ മതിയെന്ന് തീരുമാനം. സംസ്ഥാന മന്ത്രിസഭ ബുധനാഴ്ച രാവിലെയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്ന മഹാരാഷ്ട്രവാദം കൂടുതല്‍ വഷളാക്കിയേക്കാവുന്ന ഈ തീരുമാനമെടുത്തത്.

പുതിയ തീരുമാനമനുസരിച്ച്, മുംബൈ നഗരത്തില്‍ ടാക്സി ഓടിക്കാനുള്ള ലൈസന്‍സ് ലഭിക്കണമെങ്കില്‍ അപേക്ഷകര്‍ കഴിഞ്ഞ 15 വര്‍ഷമായി സംസ്ഥാനത്ത് താമസിക്കുന്നതിന്റെ രേഖകള്‍ ഹാജരാക്കണം. അതേസമയം, ഇപ്പോള്‍ സാധുവായ ലൈസന്‍സ് ഉള്ള മറുനാട്ടുകാരെ ഈ തീരുമാനം ബാധിക്കുകയുമില്ല.

കോണ്‍ഗ്രസ് നയിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം നഗരത്തിലെ മറുനാട്ടുകാരായ ടാക്സി ഡ്രൈവര്‍മാരെ പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പാണ്. യുപിയില്‍ നിന്നും ബീഹാറില്‍ നിന്നുമുള്ള ധാരാളം പേര്‍ നഗരത്തില്‍ ടാക്സി ഡ്രൈവര്‍മാരായി ജോലി നോക്കുന്നതിനാല്‍ മഹാരാഷ്ട്രക്കാര്‍ക്ക് മാത്രം ജോലി നീക്കിവയ്ക്കുന്നത് വ്യാപക പ്രതിഷേധത്തിനു കാരണമായേക്കും.

ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ മഹാരാഷ്ട്രയില്‍ താമസിക്കുന്നവരായിരിക്കണം എന്നു മാത്രമല്ല മറാത്തി സംസാരിക്കാനും എഴുതാനും കഴിവുള്ളവരായിരിക്കണം എന്നും മന്ത്രിസഭാ തീരുമാനത്തില്‍ പറയുന്നു.

സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ നിയമത്തെ ബോംബെ ടാക്സി അസോസിയേഷന്‍ അപലപിച്ചു. മുംബൈ ഒരു കോസ്മോപോളിത്തന്‍ നഗരമാണെന്നും അവിടെ ചിലര്‍ക്ക് ടാക്സിപെര്‍മിറ്റ് നിഷേധിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നും അസോസിയേഷന്‍ സെക്രട്ടറി അല്‍ ക്വാദ്രോസ് പറഞ്ഞു.

എന്നാ‍ല്‍, തദ്ദേശവാസികള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തണമെന്ന ആവശ്യം വളരെ പഴക്കംചെന്നതാണെന്നായിരുന്നു ഇതെ കുറിച്ച് ഭരണകക്ഷികളായ കോണ്‍ഗ്രസും എന്‍സിപിയും പ്രതികരിച്ചത്.