മുംബൈയില്‍ ഒരു ചുംബനത്തിന് 1200 രൂപ!

Webdunia
വെള്ളി, 24 ഫെബ്രുവരി 2012 (19:33 IST)
PRO
PRO
നിങ്ങളുടെ സുഹൃത്തിന് ഒരു സ്നേഹ ചുംബനം നല്‍കുന്നതിന് മുമ്പ് രണ്ട് പ്രാവശ്യം ആലോചിക്കുക. കാരണം സ്ഥലം മുംബൈയും ചുംബനം നല്‍കുന്നത് പൊലീസിന് മുന്നില്‍ വച്ചുമാണെങ്കില്‍ 1,200 രൂപ ആ ചുംബനത്തിന് വില നല്‍കേണ്ടി വരും. കുബര്‍ സരൂപ് എന്ന 25 വയസുകാരനാണ് ഒരു ചുംബനത്തിന് 1,200 രൂപ നല്‍കേണ്ടി വന്നത്. തന്റെ പെണ്‍കുട്ടിയായ സുഹൃത്തിനെ ഓട്ടോയില്‍ കയറ്റി വിടുന്നതിന് മുമ്പ് സ്നേഹസമ്മാനമായി ഒരു ഗുഡ്‌ബൈ ചുംബനം നല്‍കിയതാണ് പയ്യന്റെ പോക്കറ്റ് കാലിയാക്കിയത്.

ഓട്ടോയില്‍ കയറുന്നതിന് മുമ്പ് പെണ്‍കുട്ടിക്ക് സരൂപ് ചുംബനം നല്‍കിയതും കണ്ടുനിന്ന പൊലീസ് ചാടി വീണതും ഒരുമിച്ചായിരുന്നു. നിങ്ങള്‍ പൊതുസ്ഥലത്ത് അശ്ലീല പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടതിന് 1,200 രൂപ പിഴയടക്കണം അല്ലെങ്കില്‍ രാത്രി ജയിലില്‍ കഴിഞ്ഞിട്ട് അടുത്ത ദിവസം നിങ്ങളെ കോടതിയില്‍ ഹാജരാക്കുമെന്നും സരൂപിന് പൊലീസ് മുന്നറിയിപ്പ് നല്‍കി. ഏറെ നേരത്തെ വിവാദങ്ങള്‍ക്ക് ശേഷം പണം നല്‍കുക എന്നല്ലാതെ മറ്റൊരു വഴി സരൂപിനുണ്ടായില്ല.

ചുംബനരംഗം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നും അതിനാല്‍ കോടതിയില്‍ പോയാല്‍ പ്രശ്‌നമാകുമെന്നും പറഞ്ഞ് വിരട്ടിയ പൊലീസിനോട് എന്നാല്‍ ആ വീഡിയോ കാണിക്കാന്‍ പറഞ്ഞു. അപ്പോഴേക്കും മുബൈ പൊലീസ് ഒന്നു പരുങ്ങി. അതൊന്നും നിന്നെ പോലെയുള്ളവരെ കാണിക്കാന്‍ കഴിയില്ലെന്നായിരുന്നു പൊലീസിന്റെ ഭാഷ്യം. സുഹൃത്തിന് ഒരു ചുംബനം നല്‍കിയതിന് 1,200 രൂപ പിഴിഞ്ഞ പൊലീസിനെ പഴിയും പറഞ്ഞ് മടങ്ങുക അല്ലാതെ മറ്റ് വഴികളൊന്നും സരൂപിന്റെ പക്കലുണ്ടായിരുന്നില്ല.