ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകള്‍ തട്ടി കൊണ്ടു പോയ കോണ്‍ഗ്രസ് അധ്യക്ഷന്‍ നന്ദകുമാര്‍ പട്ടേലിന്റെയും മകന്റെയും മൃതദേഹം കണ്ടെത്തി. ദര്‍ഭഘട്ടിലെ കാട്ടില്‍നിന്ന് ഇന്നു രാവിലെയാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. ഛത്തീസ്ഗഢിലെ ബസ്തറില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് മഹേന്ദ്ര കര്‍മ്മ ഉള്‍പ്പടെ 27 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ പോലീസുകാരും ഉള്‍പ്പെടുന്നുണ്ട്.
10 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തുവെന്ന് പൊലീസ് അറിയിച്ചു. ഇതോടെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും ഇന്ന് സംഭവ സ്ഥലം സന്ദര്‍ശിക്കും.
മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വിസിശുക്ലയ്ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ആദിവാസികള്‍ക്ക് ആയുധങ്ങള്‍ നല്‍കി മാവോ വിരുദ്ധ സേനയായ സാല്‍വാ ജൂദൂം രൂപീകരിച്ചത് മഹേന്ദ്ര കര്‍മ്മയുടെ നേതൃത്വത്തിലായിരുന്നു.
ഇന്നലെ രാത്രി ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്പൂരില്‍നിന്നു നാനൂറു കിലോമീറ്റര്‍ അകലെ ജഗദ്പുര്‍ ജില്ലയിലെ ദര്‍ഭയിലെ വനമേഖലയിലാണു സംഭവം. ആക്രമണത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി സി ശുക്ലയടക്കം നിരവധി പേര്‍ക്കു പരുക്കേറ്റു. കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിവര്‍ത്തന്‍ യാത്രയ്ക്കു നേരേയാണു മാവോയിസ്റ്റുകള്‍ അക്രമം നടത്തിയത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മഹേന്ദ്ര കര്‍മ, ഉദയ് മുദലിയാര്‍ എന്നിവര്‍ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ച മഹേന്ദ്ര കര്‍മ മുന്‍ നിയമസഭാ പ്രതിപക്ഷ നേതാവാണ്. മഹേന്ദ്രകര്‍മ്മ ആഭ്യന്തരമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പരിവര്‍ത്തന്‍യാത്രയുടെ വാഹനവ്യൂഹത്തിനു നേര്‍ക്ക് വനത്തില്‍ ഒളിച്ചിരുന്ന മാവോയിസ്റ്റുകള്‍ നിറയൊഴിക്കുകയായിരുന്നു. വാഹനവ്യൂഹം തടഞ്ഞിട്ട മാവോയിസ്റ്റുകള്‍ പലവട്ടം വെടിവച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇന്ത്യയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ വലിയ ആക്രമണങ്ങളിലൊന്നാണിത്. സുഖ്മയിലെ സ്വീകരണത്തിനുശേഷം മടങ്ങിവരികയായിരുന്ന സംഘത്തിലുണ്ടായിരുന്ന സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നന്ദകുമാര്‍ പട്ടേലിനെയും അദ്ദേഹത്തിന്റെ മകനെയും സംഭവത്തിനു ശേഷം കാണാതായി.
മഹേന്ദ്ര കര്‍മയ്ക്കു നേരേ നിരവധിതവണ നിറയൊഴിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. അതേസമയം ആക്രമണത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടു എന്ന സ്ഥിരീകരണം നല്‍കാന്‍ ഇന്നലെ അര്‍ധരാത്രിയായിട്ടും പോലീസിനു കഴിഞ്ഞിട്ടില്ല.